പരാതികള്‍ പെട്ടിയിലിടാം; ഒരുമാസത്തിനുള്ളില്‍ പരിഹാരമാകും
ചെറുവത്തൂര്‍: ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ 'പരാതിപ്പെട്ടി' സ്ഥാപിക്കുന്നു.
പരാതികള്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ പ്രത്യേകമായി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് എളുപ്പം കാണാന്‍ കഴിയുന്നിടത്താണ് പരാതിപ്പെട്ടി സ്ഥാപിക്കുക. പെട്ടി തുറക്കുന്നതിനായി നിശ്ചയിച്ച ദിവസം, ഉദ്യോഗസ്ഥന്റെ പേര്, ഫോണ്‍ നമ്പര്‍, അപ്പീല്‍ അധികാരിയുടെ പേര് എന്നിവയും ഇവിടെ പ്രദര്‍ശിപ്പിക്കും. മാസത്തിലൊരിക്കലാണ് പെട്ടി തുറക്കുക. പരാതിപ്പെട്ടിയുടെ താക്കോല്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതലയുള്ള പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസറുടെയോ സൂപ്പര്‍വൈസറുടെയോ കൈയിലായിരിക്കും. സെക്രട്ടറി, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരാതികള്‍ ഓരോന്നായി പരിഗണിക്കും. ഒരുമാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണണമെന്നാണ് നിര്‍ദേശം. അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി പറയാനുള്ള അവസരവും ലഭിക്കും.
പരാതി പരിഹരിക്കേണ്ട ഉദ്യോഗസ്ഥനില്‍ നിന്ന് വീഴ്ചകളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നീ ഓഫിസുകളിലേതിന് സമാനമായി ജില്ലാ ടൗണ്‍ പ്ലാനറുടെ ഓഫിസിലും, ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫിസിലും പരാതിപ്പെട്ടി സ്ഥാപിക്കും.
കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതലത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസിലെയും സംസ്ഥാന തലത്തില്‍ ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫിസിലെയും പരാതിപ്പെട്ടികളിലാണ് നിക്ഷേപിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."