12ാം ക്ലാസ് ഫലം അനിശ്ചിതത്വത്തില്‍; സി.ബി.എസ്.ഇ സുപ്രിം കോടതിയിലേക്ക്
ന്യൂഡല്‍ഹി: ഇപ്പോഴത്തെ മോഡറേഷന് സംവിധാനം തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സി.ബി.എസ്.ഇ നടത്തിയ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫല പ്രഖ്യാപനം അനിശ്ചിതത്വത്തില്‍. ബുധനാഴ്ച ഫലംപ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തിയായെങ്കിലും നിയമപ്രശ്നങ്ങള്‍മൂലം ഫലപ്രഖ്യാപനം വൈകിപ്പിക്കുകയാണെന്നാണ് സൂചന.
നേരത്തെ ഈ വര്‍ഷം മുതല്‍ മോഡറേഷന് മാര്‍ക്ക് ഉണ്ടാവില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ മോഡറേഷന് സംവിധാനം നിലവിലുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ സാഹചര്യത്തില്‍ മോഡറേഷന് പിന്‍വലിച്ചത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് മോഡറേഷന് തുടരണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ മേധാവി ആര്.കെ ചതുര്‍വേദി കേന്ദ്ര മാനവവിഭവശേഷിമന്ത്രി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ചനടത്തി. വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമയത്തു തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മാനവവിഭവശേഷമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം, മൂല്യനിര്‍ണയം പൂര്‍ത്തിയായ സാഹചര്യത്തില്‍ മോഡറേഷന് ഇത്തവണ നല്‍കാനാവില്ലെന്നും ഫലപ്രഖ്യാപനത്തിന് സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഇന്നോ നാളെയോ ഹരജി നല്‍കുമെന്നാണ് സൂചന.
സി.ബി.എസ്.ഇയുടെ പത്താംക്ലാസ് ഫലവും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പന്ത്രണ്ടാംക്ലാസ് ഫലം പുറത്തുവന്ന ശേഷമാണ് സാധാരണനിലയില്‍ പത്താംക്ലാസ് ഫലം പ്രഖ്യാപിക്കാറുള്ളത്. അടുത്തമാസം രണ്ടിനു മുന്‍പായി പത്തിലെ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."