പശുക്കളെ മാത്രമല്ല, മനുഷ്യരെയും രക്ഷിക്കണം: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ദലിത് സംവരണം, ഗോമാതാവ് എന്നീ ചൂടേറിയ വിഷയങ്ങളില്‍ എന്‍.ഡി.എ മന്ത്രിസഭയില്‍ വേറിട്ട ശബ്ദവുമായി കേന്ദ്ര സാമൂഹ്യക്ഷേമവകുപ്പു സഹമന്ത്രി രാം ദാസ് അത്താവാലെ. സംവരണ നിയമം കൊണ്ടുവരണമെന്നും അതു കര്‍ശനമായി നടപ്പാക്കണമെന്നും അത്താവാലെ ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യാ വര്‍ധന കണക്കിലെടുത്ത് അവര്‍ക്ക് ആനുപാതികമായി സംവരണം വേണമെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും സംവരണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മുസ്‌ലിംകള്‍ക്കു സംവരണം വേണമെന്നും അദ്ദേഹം പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ല. മുസ്‌ലിംകളുടെ കാര്യത്തില്‍ അവര്‍ക്കു ഗുണമുണ്ടാകുന്ന തരത്തില്‍ പ്രത്യേകം ചിന്തിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ചു ഗുജറാത്തില്‍ ദലിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തെ രൂക്ഷമായാണ് അദ്ദേഹം അപലപിച്ചത്. മനുഷ്യരുടെ ജീവനെടുത്തല്ല പശുക്കളെ സംരക്ഷിക്കേണ്ടത്. ഗോഹത്യക്കെതിരേ നിയമമുണ്ടായിട്ടും എന്തിനാണു ഗോരക്ഷക്കായി ഇറങ്ങുന്നത്. ഗോ രക്ഷക്കായി മുന്നിട്ടിറങ്ങിയാല്‍ മനുഷ്യരുടെ രക്ഷക്കായി ആരു നില്‍ക്കും അത്താവാലെ ചോദിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ ദലിത് നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ അത്താവാലെ ബുദ്ധമത വിശ്വാസിയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അത്താവാലെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
ദലിതര്‍ ബുദ്ധമതം സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച അത്താവാലെ, ബി.എസ്.പി നേതാവ് മായാവതി എന്തുകൊണ്ടാണ് ബുദ്ധമതം സ്വീകരിക്കാത്തതെന്നു ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ വസതിയിലും ഡല്‍ഹിയിലെ ഓഫിസിലും ബുദ്ധ പ്രതിമകളുള്ളതു പോലെ പാര്‍ലമെന്റിനുള്ളിലും ബുദ്ധപ്രതിമ സ്ഥാപിക്കണം. രോഹിത് വെമുലയുടെ ആത്മഹത്യ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഗൗരവതരമാണ്. ദലിതനാണെങ്കിലും അല്ലെങ്കിലും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകരുത്.
ബാബാ സാഹേബ് അംബേദ്കര്‍ നെഹ്‌റു മന്ത്രിസഭയില്‍ ഇടംപിടിച്ചതിന് ശേഷം 67 വര്‍ഷങ്ങള്‍ കഴിഞ്ഞ് കേന്ദ്ര മന്ത്രിസഭയിലെത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ദലിതുകള്‍ ഇപ്പോള്‍ വളരെ ശക്തരാണ്. ബി.ജെ.പി ദലിതരെ ഭയപ്പെടുത്തുന്നില്ല. മായാവതിക്കു നേരത്തെ ദലിത് പിന്തുണ ഉണ്ടായിരുന്നു. മായാവതി മൂന്നുതവണ യു.പി മുഖ്യമന്ത്രിയായതു ബി.ജെ.പിയുടെ പിന്തുണയോടെയാണ്. അക്കാര്യം മായാവതി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."