പ്ലസ്‌വണ്‍: സി.ബി.എസ്.ഇ ഫലം വന്ന് മൂന്ന് പ്രവൃത്തിദിനങ്ങള്‍ കൂടി നല്‍കണം
കൊച്ചി: പ്ലസ്‌വണ്‍ അപേക്ഷാ തിയതി സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം വന്ന് മൂന്ന് പ്രവൃത്തി ദിനങ്ങള്‍കൂടി നല്‍കണമെന്ന് ഹൈക്കോടതി. അപേക്ഷാ തിയതി നീട്ടിയതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഇന്നലെ ഹരജി പരിഗണിക്കവെ, ജൂണ്‍ രണ്ടാം വാരത്തോടെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് സി.ബി.എസ്.ഇ അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 72,000 കുട്ടികള്‍ സി.ബി.എസ്.ഇ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നുണ്ട്.
ഫലം വരുന്നതുവരെ അപേക്ഷാ തിയതി നീട്ടിയില്ലെങ്കില്‍ ഈ കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട സ്‌കൂളുകളില്‍ അപേക്ഷ നല്‍കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ വര്‍ഷം 42,000 സി.ബി.എസ്.ഇ കുട്ടികള്‍ മാത്രമാണ് അപേക്ഷിച്ചതെന്നും തിയതി നീട്ടുന്നത് പ്രവേശന നടപടികളെയും ക്ലാസ് തുടങ്ങുന്നതിനെയും ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
ഇതു ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടാണെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയോളം പ്രവേശന നടപടികള്‍ വൈകുന്നത് കാര്യമായ പ്രശ്‌നം ഉണ്ടാക്കില്ലെന്നും ഇതിന്റെപേരില്‍ കുട്ടികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു.
സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ സിലബസ് എന്നിങ്ങനെയുള്ള വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്ലസ്‌വണ്‍ പ്രവേശനത്തില്‍ വിവേചനം കാട്ടുന്നത് അനുവദിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ മെയ് 22 വരെയാണ് സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്.
തുടര്‍ന്ന് കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെയും കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂളിലെയും പി.ടി.എ പ്രസിഡന്റുമാര്‍ നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ജൂണ്‍ അഞ്ചുവരെ തിയതി നീട്ടി നല്‍കിയിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."