സരിത ഉള്‍പ്പെട്ട നിയമന തട്ടിപ്പ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്‌കോ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സരിതാനായര്‍ ഉള്‍പ്പെട്ട നിയമന തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ബെവ്‌കോ. കോര്‍പറേഷന്റെ പേരില്‍ വ്യാജ നിയമന ഉത്തരവുനല്‍കി സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബെവ്‌കോ എം.ഡി എക്‌സൈസ് കമ്മിഷണര്‍ മുഖേനയാണ് കത്തുനല്‍കിയത്.
ഈ ആവശ്യമുള്‍പ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലാണ്. അന്വേഷണകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
സരിതാ എസ്. നായര്‍, കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.രതീഷ്, പൊതുപ്രവര്‍ത്തകന്‍ ഷാജു പാലിയോട് എന്നിവര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ബെവ്‌കോ, കെ.ടി.ഡി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞമാസം എട്ടിനാണ് സരിതയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരേ നെയ്യാറ്റിന്‍കര പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, ഇത് സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായരാണെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പൊലിസിന്റെ വാദം.
ബാങ്കില്‍ നേരിട്ടുപോയി രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ ആളെ തിരിച്ചറിയാനാകൂവെന്നും നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലിസുകാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ വ്യാഴാഴ്ചയോടെ മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം സാധ്യമാകൂവെന്നുമാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."