കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം
രാജ്യത്തെ ഏറ്റവും നീളമേറിയ
പാലം നാടിനു സമര്‍പ്പിച്ചു
ഗുവാഹത്തി: രാജ്യത്തെ ഏറ്റവും നീളമേറിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം. അസമിലെ ലോഹിത് നദിക്കു കുറുകെ 9.15 കി.മീറ്റര്‍ ദൂരമുള്ള പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
അസമില്‍ നിന്നുള്ള വിശ്രുത ഗായകനും കവിയുമായ ഭൂപന്‍ ഹസാരികയുടെ പേരിലാണ് ഇനിമുതല്‍ പാലം അറിയപ്പെടുക. ഹസാരികയോടുള്ള ആദരസൂചകമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അംഗീകാരവുമായാണ് പാലത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. അസമിനും അരുണാചല്‍പ്രദേശിനുമിടയിലുണ്ടായിരുന്ന ആറു മണിക്കൂര്‍ യാത്രാദൈര്‍ഘ്യം പാലം വന്നതോടെ ഒരു മണിക്കൂറായി ചുരുങ്ങും.
അസം തലസ്ഥാനമായ ദിസ്പൂരില്‍നിന്ന് 540ഉം അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്ന് 300ഉം കി.മീറ്റര്‍ അകലെയാണ് പാലം സ്ഥിതിചെയ്യുന്നത്. ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍നിന്ന് 100 കി.മീറ്റര്‍ ദൂരത്തുമാണിതുള്ളത്. ചൈനയുമായുള്ള തര്‍ക്കം നിലനില്‍ക്കുന്ന അരുണാചലിലെ ദിബാങ്ങിലേക്കും മറ്റു പ്രദേശങ്ങളിലേക്കും ഇതുവഴി വളരെ വേഗത്തില്‍ സായുധ സൈന്യത്തിന് എത്തിപ്പെടാനാകും. 60 ടണ്‍ ഭാരമുള്ള ടാങ്ക് വഹിക്കാനുള്ള ശേഷിയും പാലത്തിനുണ്ട്.
ലക്ഷ്യം നിത്യഹരിത
വിപ്ലവമെന്ന് മോദി
ഗുവാഹത്തി: നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ക്ക് നാന്ദികുറിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം.
അസമില്‍ രാജ്യത്തെ ഏറ്റവും നീളമേറിയ ദോലാ-സാദിയാ ഭൂപന്‍ ഹസാരിക പാലമടക്കം നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തത്. വടക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ എയിംസ് കേന്ദ്രം ഗുവാഹത്തിയില്‍ ഉദ്ഘാടനം ചെയ്തു. അസമിലെ ലക്കീംപൂരില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഐ.എ.ആര്‍.ഐ) ശിലാസ്ഥാപനം നിര്‍വഹിച്ചു.
വിവിധ ചടങ്ങുകളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് മോദി അഴിച്ചുവിട്ടത്. ടോക്കനിസത്തിന് രാജ്യത്ത് മാറ്റമുണ്ടാക്കാനാകില്ല. സാമ്പത്തിക രംഗത്തടക്കം നിത്യഹരിത വിപ്ലവമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു.
നോട്ടുനിരോധനം ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. എന്നാല്‍ ദോഷൈകദൃക്കുകള്‍ക്ക് ഇപ്പോഴും അത് വിശ്വസിക്കാനായിട്ടില്ല. രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്തുനോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു. അടല്‍ ബിഹാരി വാജ്‌പെയ് 2004ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ദോലാ-സാദിയാ പാലത്തിന്റെ ഉദ്ഘാടനത്തിന് ഇത്രയും കാലം കാത്തിരിക്കേണ്ടി വരുമായിരുന്നില്ല. ഈ പാലത്തിന് രാജ്യത്തേക്ക് പുതിയ സാമ്പത്തിക വിപ്ലവം കൊണ്ടുവരാനാകും. രാജ്യം അതിനു കാത്തിരിക്കുകയാണ്-വിവിധ പരിപാടികളിലായി മോദി വ്യക്തമാക്കി.
81 ശതമാനം ജനപ്രീതിയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനപ്രീതി 81 ശതമാനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തുവിട്ട പ്രകടന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2013ല്‍ രാജ്യത്തെ സ്ഥിതിഗതികളില്‍ 29 ശതമാനം മാത്രമായിരുന്നു സന്തുഷ്ടരായുണ്ടായിരുന്നത്. 2015ല്‍ അത് 65 ശതമാനമായി കുത്തനെ ഉയര്‍ന്നു. അത് ഇപ്പോള്‍ 81 ശതമാനത്തിലെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ലെയും ഇപ്പോഴത്തെയും സാമൂഹിക സ്ഥിതികള്‍ വിലയിരുത്തുന്ന സ്ഥിതിവിവരണ കണക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃഷി, മൊബൈല്‍ ബാങ്കിങ്, സ്ത്രീ ശാക്തീകരണം, വിനോദ സഞ്ചാരം, വൈദ്യുതി, സോളാര്‍ ഊര്‍ജം, എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണം തുടങ്ങിയ മേഖലകളിലുള്ള കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."