അഴിമതി നിവാരണ സമിതിയോഗം
മലപ്പുറം: ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരിക്കെ വിധവാ പെന്‍ഷന്‍ കൈപ്പറ്റിയ മൂന്ന് പേരെ പെന്‍ഷന്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തു. കലക്ടറേറ്റിലെ പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പാണ്ടിക്കാട് പഞ്ചായത്തില്‍ മൂന്ന് പേര്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നായിരുന്നു പരാതി.
തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി. പെന്‍ഷന്‍ കൈപ്പറ്റിയവരുടെ ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.
കരുളായി പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ നല്‍കുന്നില്ലെന്ന പരാതിയില്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി അഴിമതി നിരോധന സമിതിയെ അറിയിച്ചു. അഞ്ച് പരാതികളാണ് ഇന്ന് ലഭിച്ചത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ റോഡരികിലെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന പരാതി ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് കൈമാറി. മമ്പാട് പുള്ളിപ്പാടത്ത് അനധികൃത മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിവൈ.എസ്പിയോട് ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച് ഊര്‍ങ്ങാട്ടിരിയില്‍ ഭൂമിക്ക് പട്ടയം നേടിയെന്ന പരാതി ആര്‍.ഡി.ഒക്ക് കൈമാറി. വാഴക്കാട് ഭാഗത്ത്‌നിന്നു മണ്ണ്, മണല്‍ എന്നിവ കടത്തുന്നതായുള്ള പരാതി ജില്ലാ പൊലിസ് മേധാവി, ആര്‍.ഡി.ഒ എന്നിവര്‍ക്ക് കൈമാറി.
അഴിമതി നിവാരണ സമിതി യോഗത്തില്‍ എ.ഡി.എം വി. രാമചന്ദ്രന്‍ അധ്യക്ഷനായി. ഹുസൂര്‍ ശിരസ്തദാര്‍ എ. രാധ, സമിതി അംഗം പി. ഗൗരി, ജൂനിയര്‍ സുപ്രണ്ട് സിജി സാനു എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."