എന്‍.ഐ.എ നിയമഭേദഗതിക്ക് പിന്നില്‍ ദുഷ്ടലാക്ക്
ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്‍ ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയിരിക്കുകയാണ്. ബില്ലിനെതിരേ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അവതരിപ്പിച്ച പതിനൊന്ന് ഭേദഗതികളും സഭ തള്ളി. അമിത്ഷായുടെ ബുദ്ധിയിലുദിച്ച ആശയം അങ്ങനെ നിയമമായി മാറിയിരിക്കുന്നു.
മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് 2008ല്‍ എന്‍.ഐ.എ നിയമം യു.പി.എ സര്‍ക്കാര്‍ പാസാക്കിയത്. 2009ല്‍ ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വരികയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊച്ചി ഉള്‍പ്പെടെ എട്ട് ശാഖകള്‍ ഇപ്പോള്‍ എന്‍.ഐ.എക്ക് ഉണ്ട്. വിദേശ രാജ്യങ്ങളിലെ ഇന്ത്യയുടെ എംബസി, അവിടങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ എന്നിവര്‍ക്ക് നേരെയുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ഭേദഗതിയില്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നു.
എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ജഡ്ജിയെ നിയമിക്കുന്നതിനുള്ള അധികാരം ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ്. ആയുധ നിര്‍മാണം, ആയുധക്കടത്ത്, നിരോധിത ആയുധങ്ങള്‍ കൈവശംവയ്ക്കല്‍ എന്നിവ എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരും. ഈ വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്. വ്യാജകുറ്റാരോപണത്തിലൂടെ വ്യക്തികളെ എന്‍.ഐ.എക്ക് ജയിലിലടക്കാന്‍ ഈ നിയമ ഭേദഗതിയിലൂടെ കഴിയും.
നേരത്തെ സംഘടനകള്‍ക്ക് നേരെയായിരുന്നു എന്‍.ഐ.എയുടെ അന്വേഷണമെങ്കില്‍ ഇപ്പോഴത് വ്യക്തികള്‍ക്കെതിരേയായി മാറിയിരിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ നിയമ ഭേദഗതിയിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് വഴിതുറക്കുക. അതോടൊപ്പംതന്നെ സൈബര്‍ കേസ് അന്വേഷിക്കാനുള്ള അധികാരവും എന്‍.ഐ.എക്ക് കൈമാറുന്നതോടെ ഒരു ഫോണ്‍വിളിയുടെ പേരില്‍ ആരെയും ജയിലിലടക്കാനും വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിടാനും കഴിയും. യു.പി.എ സര്‍ക്കാരാണ് രൂപീകരിച്ചതെങ്കിലും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അവരുടെ കൈയിലെ ആയുധമായി മാറിയിരിക്കുകയാണ് എന്‍.ഐ.എ.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആസൂത്രിതമായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോനാഥന്‍ അഷ്‌വര്‍ത്ത് ആരോപണം ഉന്നയിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ന്യൂനപക്ഷങ്ങളെ കൂടുതല്‍ അപവല്‍ക്കരിക്കുന്ന കരിനിയമം ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ആശങ്കാജനകമാണെന്നും ഇത് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ബ്രിട്ടനിലെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി കൂടിയായ ജോനാഥന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യയിലെ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും ഗുരുതരമായ ഈപ്രശ്‌നം പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരമേറിയപ്പോള്‍ പതിവ് പോലെ മോദി പറഞ്ഞതാണ് എല്ലാവരെയും ഒപ്പംനിര്‍ത്തി രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന്. അത് വെറും വീണ്‍വാക്കാണെന്ന് അപ്പോള്‍തന്നെ പൊതുസമൂഹത്തിനും ഉറപ്പായിരുന്നു. നേരത്തെയും ഇതുപോലുള്ള പ്രസ്താവനകള്‍ അദ്ദേഹം നടത്തിയതാണ്. മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരമേറ്റെടുത്തതിന് പിറകെ മുസ്‌ലിംകള്‍ക്കെതിരേ പശുക്കടത്തിന്റെ പേരിലും ജയ്ശ്രീരാം വിളിക്കാത്തതിന്റെ പേരിലും രാജ്യവ്യാപക ആക്രമണങ്ങളും തുടങ്ങി.
രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ പൊലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുല്‍ഗനിയെ അടിച്ചുകൊല്ലുന്നതില്‍വരെ എത്തിയിരിക്കുന്നു ഇപ്പോഴത്തെ ആക്രമണം. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും സംഘ്പരിവാര്‍ അക്രമികള്‍ക്ക് അതൊന്നും അവരുടെ ഭീകരാക്രമണങ്ങള്‍ക്ക് തടസമല്ല. പൊലിസ് അക്രമികള്‍ക്കെതിരേ കേസെടുക്കുന്നതിന് പകരം ഇരകള്‍ക്കെതിരേയാണ് കേസെടുത്തുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ സാമൂഹികാവസ്ഥ ഇങ്ങിനെ ഭീതിദമായിരിക്കുന്ന വേളയിലാണ് എന്‍.ഐ.എക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി പാസാക്കിയിരിക്കുന്നത്. മലേഗാവ്, സംഝോത, മക്ക മസ്ജിദ് തുടങ്ങിയ സ്‌ഫോടന കേസുകളില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയവരാണ് എന്‍.ഐ.എ. ഇവര്‍ക്കനുകൂലമായി വാദിക്കാത്തതിന്റെ പേരില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാല്യാനെ പിരിച്ചുവിട്ടവരാണ് ബി.ജെ.പി സര്‍ക്കാര്‍. സ്വാമി അസിമാനന്ദ, പ്രജ്ഞാസിങ് ടാക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത് എന്നിവരെ തെളിവില്ല എന്നതിന്റെ പേരില്‍ വിട്ടയക്കാന്‍ ഇവര്‍ക്കെതിരേ കേസെടുത്ത എന്‍.ഐ.എ തന്നെ ഒടുവില്‍ കഠിനമായി അധ്വാനിച്ചു.
മുസ്‌ലിംകളായ ധനാഢ്യരെ എന്‍.ഐ.എ കേസില്‍ കുടുക്കുന്നതോടെ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി അവരെ അപരവല്‍ക്കരിക്കാനും കൂടിയുള്ളതാണ് പുതിയ എന്‍.ഐ.എ നിയമഭേദഗതി. നേരത്തെ അഭ്യസ്ത വിദ്യരായ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്ന് മുദ്രകുത്തി ജയിലിലടച്ചിരുന്നത് അവര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നത് തടയാനായിരുന്നു. സംഘ്പരിവാറിന്റെ നിര്‍ദേശാനുസരണത്താലാണ് അഭ്യസ്ത വിദ്യരായ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദികളെന്ന് മുദ്രകുത്തി ദീര്‍ഘകാലം വിചാരണകൂടാതെ എന്‍.ഐ.എ ജയിലിലടച്ചുകൊണ്ടിരുന്നത്. സമ്പന്നരായ മുസ്‌ലിംകളെകൂടി ഭീകരരായി ചിത്രീകരിക്കുകവഴി മുസ്‌ലിം സമൂഹത്തെ അപ്പാടെ അരിക് വല്‍ക്കരിക്കാനുള്ള നിഗൂഢ തന്ത്രമാണ് ഈ നിയമഭേദഗതിക്ക് പിന്നില്‍.
ഹിന്ദുത്വ തീവ്രവാദികള്‍ ഉള്‍പ്പെടുന്ന ഭീകരാക്രമണ കേസുകള്‍ എന്‍.ഐ.എ കോടതിയില്‍ തള്ളിപ്പോവുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വെളിപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. എന്‍.ഐ.എക്കെതിരേ നിശിത വിമര്‍ശനം നടത്തിയാണ് പാനായിക്കുളം തീവ്രവാദ കേസിലെ മുസ്‌ലിം ചെറുപ്പക്കാരെ കേരള ഹൈക്കോടതി വെറുതെവിട്ടത്. 2006ല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക് എന്ന വിഷയം ചര്‍ച്ച ചെയ്തിരുന്ന സെമിനാറില്‍ പങ്കെടുത്തവരെ ഭീകരവാദികളെന്ന് മുദ്രകുത്തി സംഘ്പരിവാറിന്റെ സമ്മര്‍ദത്താല്‍ കേരള പൊലിസും തുടര്‍ന്ന് എന്‍.ഐ.എയും തടങ്കലില്‍വയ്ക്കുകയായിരുന്നു. കേരളത്തില്‍ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും എതിരേ മാത്രമേ എന്‍.ഐ.എ കേസെടുക്കാറുള്ളൂ. നീതി നിഷേധിക്കപ്പെടുന്ന ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരുന്നില്ല എന്നത് ദുഃഖകരംതന്നെ.
തീവ്രവാദികളെന്ന് മുദ്രകുത്തി മുസ്‌ലിം ചെറുപ്പക്കാരെ ജയിലിലടച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളെന്ന് കണ്ട് വിട്ടയച്ചാലും അവര്‍ക്ക് മേല്‍ പതിഞ്ഞ തീവ്രവാദ മുദ്ര മായാതെകിടക്കും. ഇതൊരു അപരവല്‍ക്കരണവും കൂടിയാണ്. എന്‍.ഐ.എയുടെ ഏത് കേസെടുത്ത് നോക്കിയാലും വ്യാജ കുറ്റസമ്മത മൊഴിയോ അതല്ലെങ്കില്‍ കൃത്രിമ മാപ്പുസാക്ഷിയെ ഉപയോഗിച്ചുകൊണ്ടോ ആയിരിക്കും അവര്‍ കേസ് സ്ഥാപിക്കുക. പുതിയ നിയമ ഭേദഗതിയിലൂടെ ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന അഭിശപ്ത നാളുകളായിരിക്കും ഇനി ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."