വ്യാജ ചികിത്സാ കേന്ദ്രത്തില്‍ റെയ്ഡ് പൊലിസെത്തിയപ്പോഴേക്കും ചികിത്സകന്‍ രക്ഷപ്പെട്ടു
നിലമ്പൂര്‍: തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്‍ക്കുന്നയാള്‍ ഡോക്ടറായി മാറി. കാന്‍സര്‍ ഉള്‍പ്പെടെ ചികിത്സക്ക് മരുന്നുകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നതായി പരാതി ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പും പൊലിസും സ്ഥാപനത്തില്‍ റെയ്ഡ് നടത്തി. പൊലിസ് എത്തിയപ്പോഴോക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു.
നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചികിത്സാ കേന്ദ്രമാണ് ആരോഗ്യ വകുപ്പധിതര്‍ പരിശോധന നടത്തി പൂട്ടി സീല്‍ ചെയ്തത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചുങ്കത്തറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ് പി. ശബരീശന്‍, മൂത്തേടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. അതിനിടെ ചികിത്സ നല്‍കിയിരുന്ന പ്രസാദ് ഫിലിപ്പ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ചികിത്സക്കായി എത്തിയ ഏതാനും രോഗികളും മുറിയിലുണ്ടായിരുന്നു.
തുടക്കത്തില്‍ ആരോഗ്യ വകുപ്പധികൃതരെ പരിശോധിക്കാന്‍ ഇയാള്‍ അനുവദിച്ചില്ല. തുടര്‍ന്ന് ആരോഗ്യ വകുപ്പധികൃതര്‍ പൊലിസിന്റെ സഹായം തേടുകയായിരുന്നു. ഇതറിഞ്ഞാണ് പ്രസാദ് മുറിയില്‍ നിന്നിറങ്ങി ഓടിയത്. നിലമ്പൂര്‍ നഗരസഭയില്‍ നിന്ന് വീട്ടുപകരണങ്ങളുടെ കച്ചവടം നടത്താനുള്ള ലൈസന്‍സാണ് ഇയാള്‍ വാങ്ങിയിട്ടുള്ളത്. ഈ മുറിയില്‍ വീട്ടുപകരണങ്ങളുടെ വ്യാപാരം കുറിയായും മറ്റും മുന്‍പ് നടത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് രോഗികള്‍ ഇവിടേക്ക് വരുന്നുണ്ട്. ബംഗളൂരു വൈറ്റ്ഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേവ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ വിവിധ ഉപയോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇവിടെനിന്ന് വിറ്റിരുന്നത്. കൂടാതെ തനിക്ക് കഴിക്കാനെന്ന് പറഞ്ഞ് മുറിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകളുടെ സാംപിളുകളും അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നുകള്‍ വില്‍ക്കാനോ ശേഖരിച്ചുവെക്കാനോ ഉള്ള ലൈസന്‍സ് ഇയാള്‍ക്കില്ല.
കേവ പ്രോട്ടീന്‍ പൗഡര്‍, പുരുഷന്‍മാര്‍ക്ക് ലൈംഗികശക്തി നല്‍കുന്ന മരുന്ന്, താരനുള്ള മരുന്ന്, വനിതകള്‍ക്ക് ആരോഗ്യ പരിരക്ഷക്കുള്ള മരുന്ന്, ചുമയും ജലദോഷവും ഇല്ലാതാക്കാനുള്ള മരുന്ന്, മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം നേടാനുള്ള മരുന്ന്, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ളത്, ചെവി വേദനക്കുള്ളത്, കുട്ടികളുടെ വളര്‍ച്ചക്കുള്ള വിറ്റാമിനുകള്‍ തുടങ്ങിയവയാണ് കേവ ഇന്‍ഡസ്ട്രീസ് വില്‍പ്പന നടത്തുന്നതെന്ന് അവരുടെ നോട്ടിസില്‍ പറയുന്നുണ്ട്. ആരോഗ്യ വകുപ്പധികൃതര്‍ നിലമ്പൂര്‍ പൊലിസില്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."