ഒരെഴുത്തുകാരന്റെ 10 പുസ്തകങ്ങള്‍ ഒരു ദിവസം പുറത്തിറങ്ങുന്നു
മലപ്പുറം: പുസ്തകപ്രകാശന ചടങ്ങുകളുടെ നടപ്പുരീതികളെ മാറ്റിപ്പണിയുകയാണ് ഹംസ ആലുങ്ങലെന്ന എഴുത്തുകാരന്‍. 10 പുസ്തകങ്ങള്‍ ഒരുമിച്ചു പ്രകാശനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം റിക്കാര്‍ഡ് സൃഷ്ടിക്കുന്നത്. എഴുത്തില്‍ വ്യത്യസ്തനായ ഈ പത്രപ്രവര്‍ത്തകന്‍ വിഷയ സ്വീകാര്യതയിലും വൈവിധ്യം സ്വീകരിച്ചാണ് 10 പുസ്തകങ്ങളും തയാറാക്കിയിരിക്കുന്നത്.
ഈ രചനകളെല്ലാം ബാലസാഹിത്യകൃതികളാണെന്ന പ്രത്യേകതയുമുണ്ട്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തസാക്ഷികളെക്കുറിച്ചാണ് 'രക്തസാക്ഷികള്‍' എന്ന പുസ്തകം. ഇന്ത്യയിലെ പ്രധാന സംഭവങ്ങളെയും അതിന്റെ പിറവിയെയും അടയാളപ്പെടുത്തുന്നതാണ് 'ഇന്ത്യ നടുങ്ങിയ ദിനങ്ങള്‍' എന്ന പുസ്തകം. എ. പി.ജെ അബ്ദുല്‍കലാമിന്റെ ജീവിതം ഒരു നോവല്‍പോലെ വരച്ചിടുകയാണ് 'ഒരേയൊരു കലാം' എന്ന പുസ്തകത്തില്‍. ഇതുപോലെ ഒന്നിനൊന്നു വ്യത്യസ്തമാണ് ഓരോ പുസ്തകത്തിന്റെയും പ്രമേയം.
കാളികാവിലെ ഐറിസ് ബുക്‌സാണ് ഈ പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിക്കുന്നത്. കാളികാവ് അഞ്ചച്ചവടി സ്വദേശിയായ ഹംസ ആലുങ്ങല്‍ നേരത്തേ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയ മാധ്യമ പുരസ്‌കാരങ്ങളടക്കം 16 ബഹുമതികളും നേടിയിട്ടുണ്ട്. 10 പുസ്തകങ്ങളുടെയും പ്രകാശനം അടുത്തമാസം മൂന്നിന് പ്രദേശത്തെ മൂന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി നടക്കും.
രാവിലെ പത്തരയ്ക്ക് പുല്ലങ്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 12 മണിക്ക് അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്‌കൂളിലും ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായാണ് പുസ്തക പ്രകാശനം. കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."