എവിടി എസ്റ്റേറ്റില്‍ നിന്ന് റബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ അനുവദിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു
കൊച്ചി : റാന്നി പെരിനാട്ടിലെ എവിടി എസ്റ്റേറ്റില്‍ നിന്ന് റബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ അനുവദിച്ച സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിനെതിരെ പെരിനാട് കുറുങ്ങാലില്‍ ശ്രീമഹാദേവി - ശാസ്താ ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എവിടി എസ്റ്റേറ്റ് അധികൃതര്‍ ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയിട്ടുണ്ടെന്നും മരം മുറിച്ചു നീക്കുന്നത് തടയണമെന്നുമായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ വാദം. മാത്രമല്ല, എവിടിയുടെ കൈവശമുള്ള എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയും വനഭൂമിയുമുള്‍പ്പെട്ടതാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി. അന്യായമായി എവിടി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ബോധിപ്പിച്ചു.
എന്നാല്‍ അഞ്ചു ദശാബ്ദത്തിലേറെയായി എവിടി കമ്പനിയധികൃതര്‍ ഭൂമി കൈവശം വച്ചിരിക്കുകയാണെന്നും ഇക്കാലമത്രയും റബര്‍ കൃഷി നടത്തി വന്നുവെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഭൂമി ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. സര്‍ക്കാരിന് ഈ ഭൂമി ഏറ്റെടുക്കാനാവുമോ എന്നതിലും തര്‍ക്കമുണ്ടെങ്കിലും ഇതിലേക്ക് കടക്കുന്നില്ല.
50 വര്‍ഷമായി കൈവശം വച്ച് കൃഷി ചെയ്യുന്ന ഭൂമിയില്‍ നിന്ന് റബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചതില്‍ അപാകതയില്ല. സര്‍ക്കാരിന്റെ താല്പര്യം സംരക്ഷിക്കുന്നതിനായി മരംമുറിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് സിംഗിള്‍ബെഞ്ച് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മരംമുറിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."