ഐ.എം.സി.എച്ചില് ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറന്നു
കോഴിക്കോട്: മെഡിക്കല്‍ കോളജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയായ ഐ.എം.സി.എച്ചില് കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിച്ചു. സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ ഡോ. അബ്ദുല്ല ചെറയക്കാട്ടിന്റെ നേതൃത്വത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചുവരുന്ന ഫ്രന്‍ഡ്സ് ഓഫ് കാലിക്കറ്റ് മെഡിക്കല്‍ കോളജ് എന്ന കൂട്ടായ്മയാണ് നിര്‍മാണ ചെലവ് വഹിച്ചത്.
ആശുപത്രിയിലെ ഉപയോഗശൂന്യമായ ഫ്ളൂയിഡിന്റെ പ്ലാസ്റ്റിക് കുപ്പികളും മറ്റു പാഴ്വസ്തുക്കളും കൂട്ടിയിട്ട് മലിനമായിക്കിടന്ന സ്ഥലം വീണ്ടെടുത്താണ് പാര്‍ക്ക് നിര്‍മിച്ചത്. അറുപതോളം വരുന്ന ലൂക്കീമിയ ബാധിച്ച കുട്ടികള്‍ക്കുംകൂടി മാനസിക ഉല്ലാസം കിട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് പാര്‍ക്ക് നിര്‍മിച്ചതെന്ന് ഡോ. അബ്ദുല്ല ചെറയക്കാട്ട് പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
രാത്രിയില്‍ കുട്ടികള്‍ക്കു പറ്റിയ ഫിലിം കാണുന്നതിനുള്ള ഉപകരണങ്ങള്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് കെ. മോഹന്‍കുമാര്‍ അധ്യക്ഷനായി. വികസന സമിതി അംഗം കെ.പി സുബ്രഹ്മണ്യന്, മുന്‍ പ്രിന്‍സിപ്പല്‍ സി. രവീന്ദ്രന്, ഡോ. രാജഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."