പകര്‍ച്ചവ്യാധികള്‍; കണക്കില്‍ കൃത്യതയില്ലാതെ ആരോഗ്യവകുപ്പ്
കോഴിക്കോട്: ഡെങ്കിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ വ്യാപകമാകുമ്പോഴും രോഗം ബാധിച്ചവരുടെ കണക്കില്‍ കൃത്യതയില്ലാതെ ആരോഗ്യവകുപ്പ് അധികൃതര്‍. ജില്ലയില്‍ ഈ വര്‍ഷം 56 പേര്‍ക്ക് എച്ച്്1 എന്‍1 രോഗവും 101 പേര്‍ക്ക് ഡെങ്കിപ്പനിയും 40 പേര്‍ക്ക് മലേറിയയും ബാധിച്ചതായാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പക്കലുള്ള കണക്ക്. എന്നാല്‍ രോഗം ബാധിച്ചവര്‍ ഇതിലും ഇരട്ടിയാണെന്ന് സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സക്കെത്തുന്നവരുടെ എണ്ണം വ്യക്തമാക്കുന്നു. രോഗികളുടെ എണ്ണം കുറച്ചുകാണിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
എ.എച്ച്.ഐമാരുടെ കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് വിങ് നല്‍കുന്ന കണക്കനുസരിച്ചാണ് ഭൂരിഭാഗം പ്രദേശങ്ങളിലെയും രോഗികളുടെ എണ്ണം ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ലഭിക്കുന്നത്. അതേസമയം ഇതു കാര്യക്ഷമമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ മാത്രം നൂറിലധികം വരുമെന്നിരിക്കെ ജില്ലയില്‍ ആകെ 101 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. രാമനാട്ടുകരക്ക് പുറമേ കാക്കൂര്‍, കൊളത്തൂര്‍, കോട്ടൂര്‍, കൂരാച്ചുണ്ട് എന്നീ പ്രദേശങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ജില്ലയുടെ മറ്റു ഭാഗങ്ങളിലും നിരവധി രോഗബാധിതരുണ്ട്. നിലവില്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍ ടെസ്റ്റ് നടത്തി അഞ്ചു ദിവസത്തിനു ശേഷവും റിസല്‍ട്ട് പോസിറ്റീവ് ആയവരെയാണ് രോഗം ബാധിച്ചവരായി കണക്കാക്കുന്നത്.
രോഗം സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റിന് തുക കൂടുതലാണെന്നത് ജനങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. എച്ച്1 എന്‍1 രോഗം ബാധിച്ചവര്‍ 56 പേരാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസ് അധികൃതര്‍ വ്യക്തമാക്കുന്നത്. 400ലേറെ പേര്‍ക്ക് രോഗ നിര്‍ണയത്തിനുള്ള ടെസ്റ്റ് നടത്തിയതില്‍നിന്നാണ് രോഗബാധിതരെ കണ്ടെത്തിയത്. വടകര, തിരുവങ്ങൂര്‍, കുന്ദമംഗലം എന്നിവിടങ്ങളിലായി മൂന്നുപേര്‍ മരിക്കുകയും ചെയ്തു. രോഗം നിര്‍ണയിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സൗകര്യം ജില്ലയിലില്ല. മണിപ്പാലിലെ കസ്തൂര്‍ഭാ ആശുപത്രിയില്‍നിന്നാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉചിതമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കേ കണക്കുകളിലും അവ്യക്തത പുലര്‍ത്തുന്ന അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."