ഇസ്‌ലാം നിയന്ത്രണം: നദിയുടെ അറബിക് പേര് മാറ്റി ചൈന
ബെയ്ജിങ്: ചൈനയിലെ ഇസ്‌ലാം മതത്തിന്റെ സ്വാധീനം നിയന്ത്രിക്കാനായി നദിക്ക് പുനര്‍നാമകരണം ചെയ്ത് അധികൃതര്‍. അറബിക് ഉച്ചാരണത്തിന് സാമ്യതയുള്ളതിനാല്‍ ആയി എന്ന പുഴയുടെ പേരാണ് ഡിയാന്നോങ് എന്നാക്കി മാറ്റിയത്. ആയി എന്നത് മുഹമ്മദ് നബിയുടെ ഭാര്യയായ ആയിശയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
ഹുയി മുസ്‌ലിംകള്‍ കൂടുതലായുള്ള നിന്‍ഷ്യാങ്ങിലെ നദിയാണിത്. നിന്‍ഷ്യാങ്ങിലെ ആദ്യകാല നാമമാണ് ഡിയാന്നോങ്. പൊതു സ്ഥലത്തിന്റെ പുനര്‍നാമകരണത്തിനായി പ്രാദേശിക ജല അതോറിറ്റിയില്‍ അപേക്ഷ ലഭിച്ചുവെന്നും വിദഗ്ധരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുഴയുടെ പേര് മാറ്റിയതെന്നും നിന്‍ഷ്യാങ് സര്‍ക്കാര്‍ അറിയിച്ചു.
20 ലക്ഷത്തോളം മുസ്‌ലിംകളാണ് ഇവിടെ താമസിക്കുന്നത്. ചൈനയില്‍ 23 മില്യന്‍ മുസ്‌ലിംകളാണുള്ളത്. ഇതില്‍ പത്ത് മില്യന്‍ ഹുയി മുസ്‌ലിംകളാണ്. പത്ത് മില്യനോളമുള്ള ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള ചൈനീസ് സര്‍ക്കാരിന്റെ നടപടികള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
മുസ്‌ലിംകള്‍ക്കെതിരേയുള്ള സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒടുവിലത്തെ നടപടിയായിട്ടാണ് നദിയുടെ പുനര്‍നാമകരണം വിലയിരുത്തുന്നത്. ഇസ്‌ലാമികവല്‍ക്കരണത്തില്‍ നിന്നുള്ള മാറ്റമാണ് നദിയുടെ പുനര്‍ നാമകരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബെയ്ജിങ്ങിലെ മിന്‍സു യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഷിയോങ് കുന്‍ഷിങ് പറഞ്ഞു.
പ്രാദേശിക സര്‍ക്കാരിന്റെ അവഗണനയും അസംബന്ധവും കാരണത്താലാണ് പുനര്‍നാമകരണമുണ്ടായത്. ആയി എന്നാല്‍ സുന്ദരിയായ ഹുയ സ്ത്രീകളെ ഓര്‍മിപ്പിക്കുന്ന കേവലം പേരുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അറേബ്യന്‍ സംസ്‌കാരത്തോട് സാദൃശ്യമുള്ള രീതിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
രാജ്യത്തെ നിര്‍മാണ രീതികള്‍ ചൈനീസ് സംസ്‌കാരത്തോട് അനുയോജ്യമാക്കി മാറ്റുകയെന്നുള്ളതാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
മതങ്ങള്‍ക്കെതിരേയുള്ള കര്‍ശന നടപടികള്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ 2015 മുതലാണ് ആരംഭിച്ചത്. മത പ്രവര്‍ത്തനങ്ങളെ ചൈനയുടെ സംസ്‌കാരത്തിലേക്ക് മാറ്റുകയെന്നുള്ളതാണ് പ്രധാനപദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."