മഴ ശക്തമാകുന്നു; 3 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ (24 മണിക്കൂറില്‍ 20.4 സെ.മിയില്‍ കൂടുതല്‍ )ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയില്‍ മാത്രവും 21ന് കണ്ണൂര്‍ ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ എറണാകുളം ജില്ലയിലും 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ശക്തമായതോ (11.5 സെ.മി വരെ) അതിശക്തമായതോ (11.5 സെ.മി മുതല്‍ 20.4 സെ.മി വരെ) ആയ മഴക്കുള്ള മുന്നറിയിപ്പാണിത്. മറ്റു ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്. അതിനിടെ, കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
നാളെ വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിലും മാലിദ്വീപ്, കന്യാകുമാരി തീരം, മാന്നാര്‍ കടലിടുക്ക് എന്നിവിടങ്ങളിലും ഇന്ന് തെക്കുപടിഞ്ഞാറന്‍, വടക്ക് അറബിക്കടല്‍, മധ്യ അറബിക്കടല്‍ എന്നിവിടങ്ങളിലും 22 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."