ഇറാഖില്‍ കുര്‍ദില്‍ നിന്ന് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു; ഇനി പ്രധാനമന്ത്രി കൂടി
ബഗ്ദാദ്: സ്പീക്കര്‍ തെരഞ്ഞെടുപ്പിനു പിന്നാലെ, ഇറാഖ് പ്രസിഡന്റിനെയും പാര്‍ലമെന്റംഗങ്ങള്‍ തെരഞ്ഞെടുത്തു. പ്രമുഖ കുര്‍ദിഷ് നേതാവായ ബര്‍ഹാം സാലിഹാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇറാഖി കുര്‍ദിസ്ഥാന്‍ എന്ന പ്രാദേശിക ഭരണകൂടത്തിന്റെ മുന്‍ പ്രധാനമന്ത്രിയാണ് ബര്‍ഹാം സാലിഹ്. ഇറാഖി ഫെഡറല്‍ സര്‍ക്കാരിന്റെ ഉപപ്രധാനമന്ത്രിയും ആയിരുന്നു.
ഇറാഖിലെ പാര്‍ലമെന്റ് കീഴ്‌വഴക്ക പ്രകാരം സുന്നി വിഭാഗത്തിനാണ് സ്പീക്കര്‍ സ്ഥാനം. പ്രസിഡന്റ് സ്ഥാനം കുര്‍ദുകള്‍ക്കും പ്രധാനമന്ത്രി സ്ഥാനം ശീഈ വിഭാഗത്തിനുമാണ്. സ്പീക്കറായി നേരത്തെ മുഹമ്മദ് അല്‍ ഹല്‍ബൂസിയെ തെരഞ്ഞെടുത്തിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ അനിശ്ചിതത്വമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് സ്പീക്കറെ തെരഞ്ഞെടുക്കാനായത്.
അതിനിടെ, പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഇരുവിഭാഗം കുര്‍ദ് പാര്‍ട്ടികള്‍ തമ്മില്‍ ദീര്‍ഘനേരം സംഘര്‍ഷമുണ്ടായി. 20 പേരെയാണ് കുര്‍ദുകളിലെ വിവിധ വിഭാഗങ്ങളില്‍ നിന്നായി നാമനിര്‍ദേശം ചെയ്തിരുന്നത്. എന്നാല്‍ തന്റെ പ്രധാന എതിരാളിയായ ഫുആദ് ഹുസൈനെതിരെ 219 വോട്ടുകള്‍ നേടി സാലിഹ് വന്‍ വിജയം നേടി. ഫുആദിന് 22 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
പ്രസിഡന്റിന്റേതാണ് ഇറാഖ് സര്‍ക്കാരിലെ പ്രധാന സ്ഥാനം. 15 ദിവസത്തിനുള്ള അദ്ദേഹം സര്‍ക്കാരുണ്ടാക്കി പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിക്കണം.
ഇനി പ്രധാനമന്ത്രി കൂടി ആവണം
ശീഈ വിഭാഗത്തിനുള്ള പ്രധാനമന്ത്രി സ്ഥാനത്തേക്കായി പ്രമുഖ നേതാവ് ആദില്‍ അബ്ദുല്‍ മഹ്ദിയെ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റാരും ഇതിനായി രംഗത്തുവന്നിട്ടില്ലെന്നാണ് വിവരം.
ഇറാഖ് ഭരണഘടനാ പ്രകാരം, പ്രധാനമന്ത്രി 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും പാര്‍ലമെന്റിനു മുന്നില്‍ വയ്ക്കുകയും വേണം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സാലിഹ് തന്നെയാണ് അബ്ദുല്‍ മഹ്ദിയുടെ പേര് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."