തുടര്‍ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ജില്ലാ പര്യടനം നടത്തും
22 മുതല്‍ കൊല്ലത്തു നിന്ന്, അന്തിമ തീരുമാനം ഇന്നത്തെ സി.പി.എം സെക്രട്ടേറിയറ്റില്‍
ഗസ്റ്റ് ഹൗസുകള്‍ കേന്ദ്രീകരിച്ച് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം കാഴ്ചവച്ചതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ പര്യടനം നടത്തും. ഈ മാസം 22നു പര്യടനം തുടങ്ങാനാണ് ആലോചന. ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
കൊല്ലത്തു നിന്നു പര്യടനം തുടങ്ങും. 14 ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ഗസ്റ്റ് ഹൗസുകള്‍ കേന്ദ്രീകരിച്ചു ജില്ലകളിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിര്‍ദേശങ്ങളും കൂടി ഉള്‍പ്പെടുത്തിയായിരിക്കും എല്‍.ഡി.എഫിന്റെ നിയമസഭാ പ്രകടനപത്രികയ്ക്കു രൂപം നല്‍കുക. ഇത്തരമൊരു പര്യടനം നടത്താന്‍ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാരണം അത് ഉപേക്ഷിക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്ക്കപ്പുറം ജയം കണ്ടതിനെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കും വിധമാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരിയില്‍ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക. അതിനു മുന്‍പായി ജില്ലാ പര്യടനം പൂര്‍ത്തിയാക്കും.
സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളും വികസനവും ജനങ്ങള്‍ അംഗീകരിച്ചതിന്റെ സൂചനയാണു തദ്ദേശ തെരഞ്ഞെടുപ്പു ഫലമെന്നു സി.പി.എമ്മും എല്‍.ഡി.എഫും വിലയിരുത്തുന്നു. കൊവിഡ് കാലത്തെ സമൂഹ അടുക്കളയും ഇപ്പോഴും തുടരുന്ന ഭക്ഷ്യ കിറ്റ് വിതരണവും സാധാരണക്കാരെ സ്വാധീനിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരിന്റെ നേട്ടങ്ങളെ അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന ഇടതു പ്രചാരണം ലക്ഷ്യംനേടിയതിന്റെ സൂചനയായി ഫലത്തെ വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികളുമായി മുന്നിട്ടിറങ്ങാനാണു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."