തിരിച്ചടിയിലും അടിത്തറ തകരാതെ യു.ഡി.എഫ്
സ്വന്തം ലേഖകന്‍
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെങ്കിലും യു.ഡി.എഫിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് മങ്ങലുണ്ടായില്ലെന്ന് വിലയിരുത്തല്‍. 941 പഞ്ചായത്തുകളില്‍ 375 പഞ്ചായത്തുകളിലും 86 മുന്‍സിപ്പാലിറ്റികളില്‍ 36 ഇടത്തും ഭരണത്തിലെത്താനായത് യു.ഡി.എഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചില്ലെന്ന് തെളിയിക്കുന്നു.
2015ലേക്കാള്‍ 10 പഞ്ചായത്തുകള്‍ അധികം നേടാന്‍ യു.ഡി.എഫിനായി. മുന്‍സിപ്പാലിറ്റികളിലെ നേട്ടം ശ്രദ്ധേയമാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 44 ഇടത്ത് യു.ഡി.എഫിന് ഭരണം നേടാനായി. ജില്ലാപഞ്ചായത്തുകളില്‍ നാലിടത്ത് ഭരണം നേടാനായതും നേട്ടമാണെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.
കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ നേരിയ വ്യത്യാസത്തിന് എല്‍.ഡി.എഫിന് പിന്നില്‍ പോകേണ്ടിവന്നത് വിമത സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പിടിച്ച വോട്ടുകളാലാണ്. ഭരണത്തിലിരുന്ന തൃശൂര്‍ എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷം നല്‍കിയില്ലെന്നതും യു.ഡി.എഫ് ഭരിച്ച കണ്ണൂര്‍ മികച്ച ഭൂരിപക്ഷം നല്‍കിയെന്നതും ശ്രദ്ധേയമാണ്. പല ജില്ലാ പഞ്ചായത്തുകളും നഷ്ടപ്പെട്ടത് നേരിയ വ്യത്യാസത്തിലാണ്. സംസ്ഥാനത്ത് ആകെയുള്ള 21,865 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 10,115 വാര്‍ഡുകളാണ് നേടിയത്. കഴിഞ്ഞതവണ ഇത് 10,340 ആയിരുന്നു.
അതേസമയം, യു.ഡി.എഫ് ഇത്തവണ 8,018 വാര്‍ഡുകള്‍ നേടി. ബി.ജെ.പിക്ക് ലഭിച്ചത് 1,598 വാര്‍ഡുകള്‍ മാത്രമാണ്. 2015നേക്കാള്‍ എല്‍.ഡി.എഫിനും വാര്‍ഡുകളുടെ എണ്ണം കുറഞ്ഞു. യു.ഡി. എഫില്‍ നിന്ന് ജോസ് കെ. മാണി പക്ഷവും എല്‍.ജെ.ഡിയും പുറത്തുപോയിട്ടും മുന്നണിക്ക് നഷ്ടമായത് 830 വാര്‍ഡുകള്‍ മാത്രമാണ്. ഈ നഷ്ടം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അധികമായി പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും പിടിച്ചെടുത്തത്.
2015ല്‍ 538 പഞ്ചായത്തുകള്‍ ഭരിച്ച എല്‍.ഡി.എഫിന് ഇത്തവണ 514 ആയി ചുരുങ്ങി. 24 പഞ്ചായത്തുകളാണ് നഷ്ടപ്പെട്ടത്. അതേസമയം, ബ്ലോക്ക് പഞ്ചായത്തുകളില്‍ യു.ഡി.എഫിന് കുറവുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."