ഗതാഗത സൗകര്യമില്ല; വെട്ടൂര്‍ പഞ്ചായത്തിലെ പറങ്കിമാംവിള നിവാസികള്‍ ദുരിതത്തില്‍
വര്‍ക്കല : വാഹന ഗതാഗതത്തിന് സൗകര്യമില്ലാത്തത് വെട്ടൂര്‍ പഞ്ചായത്തിലെ പറങ്കിമാംവിള നിവാസികളെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വരുന്ന ഈ പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന റോഡില്‍ നിന്നും ഏകദേശം ഇരുന്നൂറ് മീറ്ററോളം ഉള്ളിലേക്ക് ഇടവഴിയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും, രാത്രി സമയത്തെ സഞ്ചാരത്തിനും കടുത്ത ദുരിതമാണ് ഇവര്‍ നേരിടുന്നത്. ഇവിടെ ഒരു ഓട്ടോറിക്ഷക്കെങ്കിലും കടന്നു പോകാന്‍ കഴിയുന്ന പാത നിര്‍മിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
ഈയടുത്ത് പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് ഇടവഴിയിലെ പടവുകള്‍ മാറ്റി ഇരുചക്ര വാഹനത്തിന് കടന്നുപോകാന്‍ കഴിയുംവിധം ചെറു പാത നിര്‍മിച്ചു. മറ്റു വാഹനങ്ങള്‍ക്കു കടന്നുപോകാനുള്ള വീതിയില്‍ പാത നിര്‍മിക്കണമെങ്കില്‍ പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കേണ്ടി വരും.ഇവരെല്ലാം അതിന് തയാറാണെങ്കിലും ഇടവഴിയുടെ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഇരുവശത്തുമുള്ള വീട്ടുകാര്‍ മതില്‍കെട്ടിയിരിക്കുകയാണ്. സ്ഥലം വിട്ടു നല്‍കാന്‍ ഈ വീട്ടുകാര്‍ കൂടി തയാറായാല്‍ റോഡ് നിര്‍മാണം വളരെ എളുപ്പത്തില്‍ നടക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
സ്ഥലം എം.എല്‍.എയും പഞ്ചായത്ത് അധികൃതരും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."