'വെട്ടവും വേണ്ട,സ്കൂളും വേണ്ട.. പട്ടിണി മാറ്റാന്‍ അരി താ '
കോട്ടൂര്‍ : ' നാങ്കളുക്ക് വെട്ടവും വേണ്ട , സ്കൂളും വേണ്ട.. പട്ടിണി മാറ്റാന്‍ അരി താ, കാട്ടില്‍ വല്ലാത്ത ആള്‍ക്കാരെ കടത്തിവിടുവാതെ കാവല്‍ ഇട് ' കുറ്റിച്ചല്‍ പഞ്ചായത്തിലെ അണകാല്‍ കോളനിയിലെ ആദിവാസികള്‍ ഇന്നലെ കലക്ടറുടെ മുന്നില്‍ തങ്ങളുടെ പൊതുവികാരം പ്രകടിപ്പിച്ചു. അടുത്തിടെ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ തലച്ചുമടായി എത്തിച്ച അണകാല്‍ സെറ്റില്‍മെന്റിലും കലക്ടര്‍ എത്തി. വികസനത്തോട് പൂര്‍ണ വിമുഖതയാണ് ഈ സെറ്റില്‍മെന്റുകളിലെ ആദിവാസി വിഭാഗമായ കാണിക്കാര്‍ക്ക്.
അണകാല്‍ പോലെ വികസനത്തിന്റെ വാതായനങ്ങള്‍ അടച്ചിടുന്ന ആദിവാസികളായ കാണിക്കാര്‍ ഉള്‍കാട്ടില്‍ ഇനിയുമുണ്ടെന്ന് തദ്ദേശഭരണ കൂടം പറയുന്നു. ഇവരുടെ സ്ഥിതിയ നേരില്‍ കാണാനാണ് കലക്ടര്‍ എത്തിയത്.
ഈ കോളനികളില്‍ റോഡ് വെട്ടുന്നതിനോടോ വൈദ്യുതി എത്തിക്കുന്നതിനോടോ കാണിക്കാര്‍ക്ക് താല്പര്യമില്ല. സ്കൂളിലേക്ക് കുട്ടികളെ അയക്കാനും താല്പര്യമില്ല. കാട്ടില്‍ അലഞ്ഞ് കായ്കനികള്‍ പറിച്ചു തിന്ന് ജീവിക്കുകയെന്നതാണ് ഇവര്‍ക്ക് ഏറ്റവും ഇഷ്ടം.
പുറം നാട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് അണകാല്‍. വികസനം എത്തി നോക്കുക പോലും ചെയ്തിട്ടില്ലാത്ത പാറ്റാംപാറ, പ്ലാത്ത്, തുടങ്ങി നിരവധി സെറ്റില്മെന്റുകളുമുണ്ട്. ബാലവിവാഹവും മയക്കുമരുന്ന് ഉപയോഗവും ഇവിടെയൊക്കെ വ്യാപകമാണ്.
മേഖലയിലെ ദയനീയ സ്ഥിതിക്ക് പരിഹാരം കാണുന്നതിന് സാമൂഹ്യക്ഷേമ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. വികസനത്തിന് എതിര് നില്‍ക്കരുതെന്ന് കലക്ടര്‍ ആദിവാസികളോട് അഭ്യര്‍ഥിച്ചു. കാട്ടില്‍ വൈദ്യുതി എത്തിക്കാനുള്ള പണികള്‍ക്ക് വേഗം കൂട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."