തുടര്‍ഭരണ സാധ്യതയെന്ന് സി.പി.എം
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് സി.പി.എം. പ്രളയകാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമ പെന്‍ഷന്‍ വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങളും തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്‌തെന്നും ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് നില പരിശോധിച്ചാല്‍ ഇടതുമുന്നണിക്ക് 110 വരെ സീറ്റ് നേടി തുടര്‍ഭരണത്തില്‍ വരാം. കീഴ്ഘടകങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ കൈവിട്ട വോട്ടുകളും മുന്നണിയിലേക്കെത്തും. നേതാക്കളുടെ പ്രസംഗമോ പ്രചാരണമോ ഇല്ലാതെയാണ് ഈ കൊവിഡ് കാലത്തും മികച്ച വിജയം കരസ്ഥമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇതിനു കാരണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
ജോസ് കെ. മാണിയുടെ വരവ് ഇടതുമുന്നണിക്ക് കൂടുതല്‍ ഗുണം ചെയ്തു. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ഇടതുമുന്നണിക്ക് ശക്തി തെളിയിക്കാന്‍ ഇതു സഹായിച്ചു. സംഘടനാ സംവിധാനം നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഊര്‍ജസ്വലമാക്കാനും സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികള്‍ക്ക് പരമാവധി പ്രചാരം നല്‍കാനും പരമാവധി ജനങ്ങള്‍ക്ക് പ്രയോജനമെത്തിയെന്ന് ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ പാര്‍ട്ടി നേരിട്ട് നടത്താനും തീരുമാനമായി. ഭരണവിരുദ്ധ വികാരമില്ലെന്നു ഫലം വ്യക്തമാക്കി എന്ന നിഗമനമാണ് സി.പി.എമ്മിന് ആവേശം കൂട്ടുന്നത്.
അതേസമയം, നഗരമേഖലകളിലെ ബി.ജെ.പിയുടെ കടന്നുകയറ്റത്തില്‍ ഗൗരവതരമായ പരിശോധന വേണം. ബി.ജെ.പി എങ്ങനെ നഗരകേന്ദ്രീകൃത വോട്ടുകള്‍ പിടിച്ചെടുത്തെന്നു വിലയിരുത്തും. മുനിസിപ്പാലിറ്റികളില്‍ പാലക്കാടിനു പുറമെ പന്തളം ബി.ജെ.പി പിടിച്ചെടുത്തതും വര്‍ക്കല, ചെങ്ങന്നൂര്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റികളില്‍ ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടിയതും ആശങ്കയോടെയാണ് പാര്‍ട്ടി കാണുന്നത്. ഇക്കാര്യത്തിലും ഗൗരവമായ ചര്‍ച്ചകള്‍ നടത്തും.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ടതും അന്വേഷണം നടത്തിയതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ തുടര്‍നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
എന്നാല്‍ ആവേശമുയര്‍ത്തുന്ന ജയത്തിനിടയിലും നിലവിലെ ചില മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നഷ്ടപ്പെട്ടതു പരിശോധിക്കും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണു കൂടുതല്‍ നഷ്ടം സംഭവിച്ചത്. ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടായെങ്കിലും ഗ്രാമപഞ്ചായത്തുകളില്‍ നേരിയ തോതിലെങ്കിലും സീറ്റുകള്‍ കുറയാനിടയായത് ഗൗരവമായി പരിശോധിക്കും. തിങ്കളാഴ്ച മുതല്‍ ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും. കോര്‍പറേഷനുകളില്‍ ആരെ മേയറാക്കണമെന്ന കാര്യം പരിശോധിച്ച് ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതു വിലയിരുത്തി സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും. ജനുവരി രണ്ട്, മൂന്ന് തിയതികളില്‍ സംസ്ഥാന സമിതി ചേരാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."