നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം സഫലമായില്ല; മയ്യിത്ത് ചേരമാന്‍ പള്ളിയില്‍ ഖബറടക്കാതെ ബന്ധുക്കള്‍
അന്തരിച്ച നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം പൂവണിഞ്ഞില്ല. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ നജ്മല്‍ ബാബുവിന്റെ മയ്യിത്ത് വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിച്ചു. നേരത്തെ ടി.എന്‍ ജോയി ആയിരുന്ന അദ്ദേഹം പിന്നീട് മുസ്്‌ലിമാവുകയായിരുന്നു. തന്റെ അന്ത്യാഭിലാഷം ചേരമാന്‍ പള്ളിയിലെ ഖബറിടമാണെന്ന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിവക്കുകയും ചെയ്തിരുന്നു. എന്നാല്‍ നജ്മല്‍ ബാബുവിന്റെ വസിയ്യത്തിനു ഒരു വിലയും നല്‍കാതെ പള്ളിയില്‍ ഖബറടക്കാന്‍ വിട്ട് കൊടുക്കില്ലെന്നായിരുന്നു യുക്തിവാദികളായ ജ്യേഷ്ടബന്ധുക്കളുടെ നിലപാട്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മയ്യിത്ത് വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. നജ്മല്‍ ബാബുവിന്റെ ആഗ്രഹം സഫലമാക്കണമെന്നാവശ്യപ്പെട്ടു സുഹൃത്തുക്കളും മറ്റും രംഗത്തുവന്നെങ്കിലും ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
നജ്മല്‍ ബാബു നിരീശ്വരവാദിയായിരുന്നു എന്നാണ് ബന്ധുക്കള്‍ വാദിച്ചത്. ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം താല്‍ക്കാലികമായി ശവസംസ്‌കാരം തടഞ്ഞുവെക്കുകയായിരുന്നു.'പള്ളിയില്‍ അടക്കാന്‍ സമ്മതിക്കില്ല, നജ്മല്‍ ബാബു അങ്ങനെ പലതും പറയും'എന്നാണ് സഹോദരനടക്കമുള്ള ബന്ധുക്കളുടെ നിലപാട്. ആര്‍ ഡി ഓയും കലക്ടറും ഇടപെട്ട് താല്‍ക്കാലികമായി ശവസംസ്‌കാരം തടഞ്ഞിട്ടുണ്ട്. ചേരമന്‍ പള്ളിക്കമ്മിറ്റിയുടെ അനുമതി പത്രവും അധികൃതര്‍ക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ ബന്ധുക്കള്‍ക്കൊപ്പം നിന്നതോടെ നജ്മല്‍ ബാബുവിന്റെ ആഗ്രഹം നിഷേധിക്കപ്പെട്ടു
ബാബരി ധ്വംസനവും ഗുജറാത്ത് വംശഹത്യയും മുസ്്‌ലിംകള്‍ക്കെതിരെ രാജ്യത്തുടനീളം നടന്ന അതിക്രമങ്ങളുമാണ് ജോയിയെ നജ്മല്‍ ബാബുവാക്കിയത്. ഇന്ത്യയില്‍ കൂടുതല്‍ ഭരണകൂട അതിക്രമങ്ങളും ഫാസിസ്റ്റ് അധിനിവേശവും മുസ്‌ലിംകള്‍ക്ക് മേല്‍ നടപ്പാക്കുന്ന കാലത്ത് മുസ്്‌ലിം ആയിരിക്കുക എന്നത് തന്നെ ഏറ്റവും വലിയ പ്രതിരോധമായി അദ്ദേഹം കണ്ടിരുന്നു. 1970കളിലാണ് പൊതു രംഗത്തേക്ക് പ്രവേശിച്ചത്. കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു. കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനത്തിന് പലതും ചെയ്യാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്
ജയിലില്‍ ക്രൂരമായ പൊലീസ് പീഡനത്തിനും ഇദ്ദേഹം ഇരയായിട്ടുണ്ട്. ഇതിനുശേഷം പിന്നീട് കേരളത്തില്‍ സാമൂഹ്യ ഇടപെടല്‍ നടത്തി ശ്രദ്ധ നേടുകയായിരുന്നു. സമീപ കാലത്താണ് ജോയ് മതപരിവര്‍ത്തനം നടത്തി മുസ്്‌ലിമായത്. മതപരിവര്‍ത്തനം ഏറെ കോളിളക്കം സൃഷ്ടിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
നജ്മല്‍ ബാബു വസിയ്യത്തായി എഴുതിയ കത്ത്
വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്.
ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ,
എന്റെ വിശ്വാസം. ജീവിതത്തിലുടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്‌ലിംകളായിരുന്നു ഇപ്പോഴും!
ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കാന്‍ കഴിയുമോ?നോക്കൂ! മൌലവി, ജനനം ''തിരഞ്ഞെടുക്കുവാന്‍'' നമുക്ക് അവസരം ലഭിക്കുന്നില്ല.മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി?
എന്റെ ഈ അത്യാഗ്രഹത്തിന്, മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍
പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?ജനിച്ച ഈഴവ ജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ്, അച്ഛന്‍ എന്നെ മടിയില്‍
കിടത്ത് അന്ന് ''ജോയ്'' എന്ന പേരിട്ടത്.
ബാബറി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം
എന്റെ സുഹൃത്തുക്കളുടെ സമുദായം ''മാത്രം'' സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. 'ഇതിനെതിരെ ''മുസ്!ലിം സാഹോദര്യങ്ങളുടെ'' പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്.
മുസ്!ലിം സമുദായത്തിലെ അനേകരോടൊപ്പം, എന്റെ ഭൌതിക
ശരീരവും മറവുചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ പിന്നില്‍
ആരവങ്ങളൊന്നുമില്ലാത്ത, ഒരു ദുര്‍ബ്ബലന്റെ പിടച്ചിലില്‍ മൌലവി എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.
നിര്‍ത്തട്ടെ
സ്‌നേഹത്തോടെ, സ്വന്തം കൈപ്പടയില്‍
ടിയെന്‍ ജോയ്
മുസിരിസ് ഡിസംബര്‍ 13/2013
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."