ജില്ലയിലെ 500 ഹെക്ടര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷിയിറക്കാന്‍ പദ്ധതി
ആലപ്പുഴ: മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ അനധികൃത നിലംനികത്തലിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ. ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷ്യത വഹിക്കുകയായിരുന്നു കലക്ടര്‍.
നിലംനികത്തലിനെ ഗുരുതര പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നമായി കണ്ട് കര്‍ശനനടപടികളാണ് എടുക്കന്നതെന്നും കളക്ടര്‍ പറഞ്ഞു. നിലംനികത്തല്‍ മൂലം വെള്ളമൊഴുക്ക് തടസപ്പെട്ട് കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. കുട്ടനാട്ടില്‍ അടക്കംകൊല്ലി വലകളുപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം മൂലം ചില മീനുകള്‍ക്ക് വംശനാശം സംഭവിക്കുന്നതായും നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. അനധികൃത മത്സ്യബന്ധനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ശേം നല്‍കി. രാത്രിയിലടക്കം പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കും.
അരൂര്‍-ഇടക്കൊച്ചി പാലത്തിനു ഭീഷണിയായി വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി.യുടെ പ്രതിനിധി ബി. ബൈജു ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാന്‍ സാമൂഹികവനവത്കരണ വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ 500 ഹെക്ടര്‍ തരിശുനിലത്ത് നെല്‍കൃഷിയിറക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് പദ്ധതി തയാറാക്കി കൃഷി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.
ആറാട്ടുപുഴയില്‍ ചിക്കുന്‍ഗുനിയ കേസ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തില്‍ സന്ധിവേദനയടക്കമുള്ള രോഗലക്ഷണം കാണുന്നില്ലെന്നും ആരോഗ്യവാനാണെന്നും ലാബ് പരിശോധനയിലെ തെറ്റാകാമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബോട്ട് ജെട്ടിയ്ക്കു സമീപത്തെ കനാലിലെ ജലം പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണെന്നു കണ്ടെത്തി. നൂറു മില്ലീ ലിറ്റര്‍ വെള്ളത്തില്‍ 180 കോളിഫോം ബാക്ടീരിയയെയാണ് കണ്ടെത്തിയത്. കനാലില്‍ ഇത് പരമാവധി 10 വരെയേ ആകാവൂ.
നെല്ല് സംഭരിച്ചതിന് ജൂലൈ 28 വരെ കര്‍ഷകര്‍ക്ക് 243.41 കോടി രൂപ നല്‍കിയതായി സപ്ലൈകോ അറിയിച്ചു. ബാക്കി 2.25 കോടി രൂപ കൂടി നല്‍കാനുള്ള നടപടി സ്വീകരിച്ചു. പുളിങ്കുന്ന്-കുരിശുംമൂട് റോഡിലെ കുഴികളച്ച് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയെടുത്തതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ബണ്ട് ബലപ്പെടുത്തുന്ന പദ്ധതികള്‍ക്കായി തോടുകളില്‍നിന്ന് യന്ത്രമുപയോഗിച്ച് മണ്ണെടുക്കുമ്പോള്‍ കരയില്‍നിന്ന് മുപ്പതടി അകലം പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കരയ്ക്കു സമീപം നിന്ന് മണ്ണെടുക്കുമ്പോള്‍ ബണ്ടുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതിനെത്തുടര്‍ന്നാണ് നടപടി.
കൈനകരി ബേക്കറി പാലത്തിന്റെ ഡിസൈന്‍ അനുമതിക്കായി നല്‍കിയതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ജില്ലാക്കോടതി പാലം മുതല്‍ ഫിനിഷിങ് പോയിന്റ് വരെയുള്ള പൊതുമരാമത്ത് റോഡ് നെഹ്‌റുട്രോഫി ജലമേളയ്ക്കു മുമ്പ് പുനരുദ്ധരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.
പപതിമൂന്ന് ആംബുലന്‍സുകളില്‍ രണ്ടെണ്ണത്തിനു കൂടിയേ ഫിറ്റ്‌നസ് ലഭിക്കാനുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. നഗരത്തിലെ മൂന്ന് ആര്‍.ഒ. പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിച്ചതായി ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എം.പി. ലാഡ്‌സ് പദ്ധതികളുടെയും എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെയും വിവിധ വകുപ്പുകള്‍ ചെലവഴിച്ച ഫണ്ടിന്റെയും അവലോകനം നടന്നു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ്. ലതി, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, കെ.സി. വേണുഗോപാല്‍ എം.പി.യുടെ പ്രതിനിധി ബി. ബൈജു, കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."