ബിരുദധാരികളെ ഒഴിവാക്കി ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം: അപേക്ഷിച്ചാല്‍ ക്രിമിനല്‍ കേസ്
കോഴിക്കോട്: വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയ്ക്ക് ബിരുദധാരികളെ ഒഴിവാക്കിയുള്ള വിജ്ഞാപനം പ്രതിഷേധത്തിന് ഇടയാക്കുന്നു. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതില്‍നിന്ന് ബിരുദധാരികളെ വിലക്കിയതിനു ശേഷമുള്ള ആദ്യ വിജ്ഞാപനമാണ് പി.എസ്.സി മെയ് 12ന് പ്രസിദ്ധീകരിച്ചത്.
എല്ലാ ജില്ലകള്‍ക്കും ഈ തസ്തികക്ക് റാങ്ക്പട്ടികയുണ്ട്. 2018 ജുണ്‍ 29 വരെ കാലാവധിയുണ്ട്. പുതിയ വിജ്ഞാപനപ്രകാരം ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് മുതല്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് വരെ അപേക്ഷ സമര്‍പ്പിക്കാം. ബിരുദത്തിനു ചേര്‍ന്ന് പഠിച്ച ശേഷം പരീക്ഷയില്‍ തോറ്റവര്‍ക്കും ഐ.ടി.ഐ, വിവിധ ഡിപ്ലോമകള്‍, ടി.ടി.സി വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കും മാത്രം അപേക്ഷിക്കാന്‍ അവസരം നല്‍കിയത് മൗലികാവകാശ ലംഘനമാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിക്കാത്ത തസ്തികയായിരുന്നു ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്.
എഴുത്തും വായനയും അറിയുന്നവര്‍ക്കെല്ലാം അപേക്ഷിക്കാന്‍ പി.എസ്.സി അവസരം നല്‍കിയിരുന്നു.ഒരോ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് വിജ്ഞാപനത്തിനും 15 ലക്ഷം അപേക്ഷകളാണ് ലഭിക്കുന്നത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരിലും ജോലി നേടുന്നവരിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കാരാണ് കൂടുതലും.
മറ്റ് ജോലികള്‍ ലഭിച്ചാല്‍ ഇവര്‍ തസ്തിക ഉപേക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ബിരുദധാരികളെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യോഗ്യതകള്‍ പരിഷ്‌കരിച്ച് 2011 ജൂലൈയിലാണ് ഉത്തരവ് ഇറക്കിയത്. എന്നാല്‍, വിശേഷാല്‍ചട്ടം ഭേദഗതി ചെയ്ത് ഉത്തരവ് പ്രാബല്യത്തിലാക്കാന്‍ അഞ്ചു വര്‍ഷം വേണ്ടിവന്നു. ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ 49 വിഭാഗങ്ങളിലുള്‍പ്പെട്ട തസ്തികകളുടെ യോഗ്യതകളാണ് പരിഷ്‌കരിച്ച വിജ്ഞാപനത്തിലുള്ളത്.
പുതിയ പി.എസ്.സി വിജ്ഞാപനം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ സര്‍വിസിലേക്കുളള അവസരമാണ് നഷ്ടപ്പെടുത്തുന്നത്. ഈ തസ്തികയില്‍ ബിരുദധാരികള്‍ അപേക്ഷിച്ചാല്‍ ക്രമിനല്‍ കേസ് ഏടുക്കുമെന്നാണ് പി.എസ്.സി വ്യക്തമാക്കുന്നത്. ബിരുദധാരിയാണെന്ന വിവരം മറച്ചുവച്ച് അപേക്ഷിക്കുന്നവര്‍ക്ക് നിയമനം ലഭിച്ചാലും ജോലിയില്‍നിന്ന് പിരിച്ച്‌വിടും. ഇവര്‍ക്കെതിരേ ക്രമിനല്‍ കേസ് ഏടുക്കും.
കെ.എസ്.ഇ.ബി മസ്ദൂര്‍ തസ്തികയില്‍ പത്താം ക്ലാസ് വിജയിച്ച ധാരാളം പേര്‍ നിയമനം നേടിയിരുന്നു. ഇവരെ കണ്ടെത്തി പി.എസ്.സി പിരിച്ചുവിട്ടിരുന്നു. എന്നാല്‍ 8000ത്തിലേറെ പേര്‍ക്ക് നിയമനം ലഭിക്കുന്ന ഒരു തസ്തികയിലേക്ക് 10 ലക്ഷം ബിരുദധാരികളെ ഒഴിവാക്കിയ പി.എസ്.സിയുടെ തെറ്റായ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."