കാര്‍ ഡ്രൈവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ്
മലപ്പുറം: ചൊവ്വാഴ്ച രാവിലെ മലപ്പുറം വാഴക്കാട് പൊലിസ് സ്‌റ്റേഷനു മുന്‍പില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. കാറോടിച്ച ഖാദറിനെതിരേയാണ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്. 307, 302 ഐ.പി.സി സെക്ഷന്‍ വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. വാഴക്കാട് എസ്.ഐ വിജയരാജനാണ് അന്വേഷണ ചുമതല. ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ എന്നിവര്‍ വാഴക്കാട് പൊലിസ് സ്‌റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ ബൈക്കോടിച്ച ആസിഫ് മരണപ്പെടുകയും ഒപ്പം യാത്രചെയ്ത മുബശിറിന് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ ഡ്രൈവറായ ഖാദറും ഒപ്പം യാത്ര ചെയ്ത മുബശിറും തമ്മില്‍ നേരത്തെ സ്വത്തുതര്‍ക്കമുണ്ടായിരുന്നു.
ഈ കേസില്‍ മുബശിര്‍ തിങ്കളാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. മുബശിറിനെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തിലാണ് നിരപരാധിയായ ആസിഫ് മരണപ്പെട്ടത്.
സംഭവത്തിനുശേഷം ഖാദര്‍ സ്വന്തം വീട്ടില്‍ വന്നിരുന്നുവെന്നും മുബശിറിന്റെ വീട്ടുകാര്‍ക്കെതിരേ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് ഖാദര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഖാദറിനായി പൊലിസ് വീടിന് സമീപത്തെ മുടക്കോഴിമലയിലും, ഒളവട്ടൂര്‍, അരൂര്‍ മലമുകളിലും തിരച്ചില്‍ നടത്തി. ഖാദര്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."