യു.പി കൂട്ടബലാത്സംഗം തെളിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ലഖ്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ ജേവാറില്‍ നാല് സ്ത്രീകള്‍ക്കു നേരെയുണ്ടായ കൂട്ടബലാത്സംഗം തള്ളിക്കളഞ്ഞ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആക്രമണത്തിനിരയായ സ്ത്രീകളെ പരിശോധിച്ച അന്വേഷണസംഘത്തിന്റെ പ്രാഥമിക മെഡിക്കല്‍റിപ്പോര്‍ട്ടാണ് ബലാത്സംഗ വാര്‍ത്ത തള്ളിക്കളഞ്ഞത്. മുതിര്‍ന്ന മെഡിക്കല്‍ ഓഫിസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യമുനാ ദേശീയപാതയില്‍ രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ബുലന്ദ്‌ശെഹറിലെ ആശുപത്രിയിലുള്ള ബന്ധുവിന്റെ പ്രസവാവശ്യങ്ങള്‍ക്കായി 47,500 രൂപയുമായി തിരിച്ച എട്ടംഗ കുടുംബത്തിനുനേരെ ജേവാറില്‍നിന്ന് ഏതാനും കി.മീറ്ററുകള്‍ക്ക് അകലെ കൊള്ളസംഘം ആക്രമണം നടത്തുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന നാല് സ്ത്രീകളെ സമീപത്തെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന് കൂട്ടത്തിലുണ്ടായിരുന്ന മുതിര്‍ന്ന അംഗത്തെ കവര്‍ച്ചക്കാര്‍ വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നാലുപേരെ കൂട്ട മാനഭംഗത്തിനിരയാക്കിയത്. തുടര്‍ന്ന് പണവും ആഭരണവും കവര്‍ന്ന ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. സംഭവത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയരുകയും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു.
ഗൗതംബുദ്ധ് നഗറിലെ മുഖ്യ മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് ഭാര്‍ഗവ് വാര്‍ത്താസമ്മേളനത്തിലാണ് പീഡന സംഭവം തള്ളിക്കളയുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പീഡനത്തിനിരയായ നാല് സ്ത്രീകളുടെ വസ്ത്രവും കോശ സാംപിളുകളും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.
എന്നാല്‍, ഇവരുടെ രഹസ്യഭാഗങ്ങളില്‍ മുറിപ്പാടുകളൊന്നും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്തനായില്ലെന്ന് ഭാര്‍ഗവ് പറഞ്ഞു. എന്നാല്‍, ലഖ്‌നൗ ലബോറട്ടറി കൂടി സാംപിളുകള്‍ പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് നാല് ആഴ്ച വരെ എടുക്കുമെന്നാണ് വിവരം. നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് ബി.എന്‍ സിങ്, സീനിയര്‍ പൊലിസ് സൂപ്രണ്ട് ലവ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെതിരേ സ്ത്രീകളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട് പീഡനം സ്ഥിരീകരിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ല. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ ഞാന്‍ കണ്ടത് സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതാണ്. അവര്‍ ക്രൂരമായി മാനഭംഗത്തിനിരയായിരുന്നു.
ഫോറന്‍സിക് ലാബിന്റെ സ്ഥിരീകരണം കൂടി വരട്ടെയെന്ന് ഒരു ബന്ധു പ്രതികരിച്ചു. അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ എഫ്.ഐ.ആറിലെ കൂട്ടബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് സീനിയര്‍ പൊലിസ് സൂപ്രണ്ട് ലവ് കുമാര്‍ അറിയിച്ചു. അന്വേഷണവിധേയമായി നേരത്തെ പൊലിസ് അറസ്റ്റ് ചെയ്ത സ്ത്രീകളുടെ അയല്‍വാസികളായ മൂന്നുപേരെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."