പുതിയ വൈറസ് അപകടകാരിയല്ലെന്ന് ആരോഗ്യ മന്ത്രി; എങ്കിലും കരുതലോടെ സഊദി
റിയാദ്: ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയതിനെതിരെ ആശങ്കയോടെ ലോകം നോക്കുന്നതിനിടെ പുതിയ വൈറസിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് സഊദി അറേബ്യ. സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയാണ് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് നിലവിലുള്ളതിനേക്കാൾ അപകടകാരിയല്ലെന്ന് വ്യക്തമാക്കിയത്. നിലവിലെ വാക്‌സിൻ വൈറസിനെ ഇതിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്നും മന്ത്രി സൂചിപ്പിച്ചു. അൽ ഖുറയാത്തിൽ ആരോഗ്യ മന്ത്രാലയ പദ്ധതികൾ സമർപ്പിക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ വൈറസിനെ കുറിച്ച് അഭിപ്രായം പങ്കു വെച്ചത്.
എങ്കിലും പുതിയ വൈറസിനെ കുറിച്ച് സഊദി സസൂക്ഷമം നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ കൊറോണ വൈറസിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഈ പഠനങ്ങൾ സഊദി അവലോകനം ചെയ്‌തു വരികയാണ്. സ്ഥിതിഗതികൾ വിലയിരുത്താനും മുഴുവൻ മുൻകരുതൽ നടപടികളും സ്വീകരിക്കാനും സഊദി ഭരണാധികാരികൾ പ്രത്യേകം താൽപര്യം കാണിച്ചു. ഈ വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നുണ്ടോയെന്ന കാര്യത്തെ കുറിച്ച് പഠിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
അൽ ഖുറയ്യാത്തിൽ 56 മില്യൺ റിയാൽ ചിലവിൽ പൂർത്തീകരിച്ച നിരവധി പദ്ധതികൾ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്‌തു. 38 മില്യൺ റിയാൽ ചിലവിൽ നിർമ്മിക്കുന്ന വിവിധ പദ്ധതികൾക്ക് മന്ത്രി തറക്കല്ലിടുകയും ചെയ്‌തു. അൽ ജൗഫ് അമീർ പ്രിൻസ് ഫൈസൽ ബിൻ നവാഫിന്റെ മേൽനോട്ടത്തിലായിരുന്നു പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."