ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് കണ്ടെത്തിയിട്ടില്ല; അടിസ്ഥാന രഹിതമായ വാർത്തകൾ കാര്യമാക്കരുതെന്നും സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: ജനിതകമാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് ഇത് വരെ കണ്ടെത്തിയിട്ടില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശങ്കയോടെ ലോകത്ത് പുതിയ വൈറസിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സഊദി ആരോഗ്യ മന്ത്രാലയം സഊദിയിൽ ഇതുവരെ ഈ വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. വൈറസിന്റെ ജനിതക ക്രമം പരിശോധിക്കുന്നതിനായി പഠനങ്ങൾ തുടരുകയാണെന്നും ഔദ്യോഗിക സോഴ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടിസ്ഥാന രഹിതമായ വാർത്തകൾ കാര്യമാക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് നിലവിലുള്ളതിനേക്കാൾ അപകടകാരിയല്ലെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയും വ്യക്തമാക്കി. നിലവിലെ വാക്സിൻ വൈറസിനെ ഇതിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പുതിയ വൈറസിനെ കുറിച്ച് അഭിപ്രായം പങ്കു വെച്ചിരുന്നു. എങ്കിലും പുതിയ വൈറസിനെ കുറിച്ച് സഊദി സസൂക്ഷമം നിരീക്ഷിച്ച് വരികയാണെന്നും പഠനങ്ങൾ സഊദി അവലോകനം ചെയ്തു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ശക്തമായ മുൻകരുതലാണ് സഊദി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കര, വ്യോമ, കടൽ മാർഗ്ഗമുള്ള യാത്രാ സർവീസുകൾക്ക് ഒരാഴ്ച്ച സമയത്തേക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയത്. ഒരാഴ്ചക്ക് ശേഷം സ്ഥിഗതികൾ വിലയിരുത്തി വിലക്കുകൾ നീട്ടുകയോ എടുത്തുകളയുകയോ ചെയ്യാം. എന്നാൽ, നിലവിലെ അവസ്ഥയിൽ ഏതാനും നാളത്തേക്ക് ഇത് നീട്ടിയേക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."