കരാറുകാരന്റെ അനാസ്ഥ: ഗതാഗതം ദുഷ്‌കരം
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ പൂവഞ്ചാല്‍ സ്‌കൂള്‍ റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായി. ടാറിങിനായി ലക്ഷങ്ങള്‍ അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കാന്‍ വൈകിയതോടെയാണ് റോഡിന്റെ തകര്‍ച്ച പൂര്‍ണമായത്.
ആദിവാസി കോളനികള്‍, യു.പി സ്‌കൂള്‍ തുടങ്ങി നൂറുകണക്കിനു കുടുംബങ്ങള്‍ ആശ്രയിക്കുന്ന മലയോരത്തെ പ്രധാന റോഡിനാണ് ഈ ഗതി. വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായ അവസ്ഥയിലാണ്.
250 മീറ്റര്‍ ദൂരം വീതികൂട്ടി ടാറിങ് നടത്തുന്നതിനായി നാലുലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി മാസങ്ങള്‍ക്കു മുന്‍പ് തന്നെ ടാര്‍ ഉള്‍പ്പടെ നിര്‍മാണ സാമഗ്രികള്‍ കരാറുകാരന്‍ സ്ഥലത്തെത്തിച്ചെങ്കിലും പ്രവൃത്തി തുടങ്ങാന്‍ തയാറായില്ല.
വീതി കൂട്ടേണ്ട ഭാഗത്ത് കഴിഞ്ഞദിവസം സോളിങ് നടത്തിയെങ്കിലും ശക്തമായ മഴയില്‍ ഈഭാഗം പൂര്‍ണമായും ഒഴുകിപ്പോയി. റോഡിന്റെ പലഭാഗത്തും കരിങ്കല്‍ കഷണങ്ങള്‍ തങ്ങിനില്‍ക്കാന്‍ തുടങ്ങിയതോടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഓവുചാലുകള്‍ നിര്‍മിക്കാതെ ടാറിങ് നടത്തുന്നതു റോഡിന്റെ തകര്‍ച്ച വര്‍ധിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍ മഴ പതിവായതോടെ ഇനി ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണു നാട്ടുകാര്‍. കരാറുകാരന്റെ അനാസ്ഥയില്‍ റോഡ് നിര്‍മാണം മുടങ്ങിയത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."