ശബരിമലയില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നിലപാട് തള്ളി ജന്മഭൂമി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ് നിലപാട് തള്ളി ജന്മഭൂമി ലേഖനം. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കോടതി വിധി ക്ഷേത്ര സങ്കല്‍പ്പങ്ങളെയോ ആചാര അനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നും ലേഖനത്തില്‍ പറയുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത് .
'സുപ്രിംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്'- ലേഖനത്തില്‍ പറയുന്നു.
ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്‌നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്‌നടപ്പിനാകട്ടെ, ധര്‍മ്മതന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുള്ളതായി സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.
ശബരിമല സന്ദര്‍ശിക്കണോ വേണ്ടയോ അഥവാ, സന്ദര്‍ശിക്കുന്നെങ്കില്‍ എപ്പോള്‍ സന്ദര്‍ശിക്കണം എന്നീ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഭക്തരായ സ്ത്രീകള്‍ക്കുതന്നെ വിട്ടുകൊടുക്കുക. അതിനുള്ള വിവേചനശക്തി സ്ത്രീകള്‍ക്ക് ഉണ്ടെന്ന് അംഗീകരിക്കുകയാണ് കാലോചിതവും യുക്തിപരവുമായ നിലപാട്. പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചു എന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സഞ്ജയന്‍ തന്റെ ലേഖനത്തില്‍ ഓര്‍മപ്പെടുത്തുന്നു.
വെകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ചിന്താശൂന്യമായ നിലപാടുകള്‍ ഗുണം ചെയ്യില്ലെന്നു പറയുന്ന ലേഖകന്‍ ജനശിക്ഷണം സാധ്യമാണെന്ന ഉത്തമബോധ്യമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘടനാ പ്രവര്‍ത്തകരെ ഭരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിശ്വാസികള്‍ക്കൊപ്പം പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പ്രഖ്യാപിച്ചിരുന്നു. വിധിയില്‍ ആര്‍.എസ്.എസും അതൃപ്തി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."