മലയാളികളുടെ 'പ്രിയരാജ'
ന്യൂഡല്‍ഹി: കേരളക്കാരനല്ലെങ്കിലും ഡല്‍ഹിയില്‍ മലയാളികളുടെ സ്വന്തക്കാരനാണ് ദൊരൈസ്വാമി രാജയെന്ന ഡി. രാജ. ഭാര്യ ആനി മലയാളിയാണ്. മകള്‍ അപരാജിതയും മലയാളം സംസാരിക്കും. അതുകൊണ്ടു തന്നെ ഡല്‍ഹിയിലെ മലയാളി വേദികളിലും ഡല്‍ഹിയിലെ ഇടതുരാഷ്ട്രീയ വേദികളിലുമെല്ലാം പതിവ് സാന്നിധ്യമാണ് രാജ. എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ലബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന. സെക്രട്ടറിയാകുന്ന ആദ്യ ദലിത് എന്ന പദവിയോടെയാണ് രാജ സി.പി.ഐ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 1949 ജൂണ്‍ മൂന്നിന് തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ ചിത്തത്തൂരിലാണ് ജന നം. ബി.എസ്‌സി ബിരുദധാരിയായ രാജ പിന്നീട് എല്‍.എല്‍.ബിയും നേടി. രണ്ടാം തവണയും രാജ്യസഭാംഗമായ രാജയുടെ കാലാവധി ബുധനാഴ്ച അവസാനിക്കും. 2007 ജൂലൈ 25നാണ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. നിലവിലെ ജന. സെക്രട്ടറി സുധാകര റെഡ്ഢിക്ക് മോശം ആരോഗ്യം കാരണം ചുമതലയൊഴിയേണ്ടി വന്നപ്പോള്‍ ആ പദവിയിലേക്ക് രാജയെ അദ്ദേഹം തന്നെ നിര്‍ദേശിക്കുകയായിരുന്നു. വിദ്യാര്‍ഥി നേതാവായാണ് രാജയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ്. 1994ല്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ച സാഹചര്യത്തിലാണ് രാജ ചുമതലയേല്‍ക്കുന്നത്.
ഇടതുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നു, പാര്‍ലമെന്റില്‍ തങ്ങളുടെ അംഗസംഖ്യ കുറയുന്നു എന്നതിനര്‍ഥം തങ്ങളുടെ പ്രത്യയശാസ്ത്രവും സ്വാധീനവും ദുര്‍ബലമായിയെന്നല്ലെന്നാണ് രാജയുടെ വിശദീകരണം. സര്‍ക്കാരിന്റെ ജനദ്രോഹ രാഷ്ട്രീയത്തിനെതിരേ പോരാട്ടം തുടരുമെന്നും രാജ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."