ജില്ലാ മെഡിക്കല്‍ ഓഫിസ് മാറ്റാനുള്ള നീക്കം; യോഗത്തിന്റെ മിനുട്സ് പുറത്ത്
മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫിസ് മാനന്തവാടിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ രേഖ പുറത്ത്. 2016 ഡിസംബര്‍ ഏഴിന് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ആര്. രമേശിന്റെ അധ്യക്ഷതയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാനത്തെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ പങ്കെടുത്ത യോഗത്തിന്റെ മിനുട്സ് ആണ് പുറത്ത് വന്നിരിക്കുന്നത്. ഓഫിസ് മാറ്റുന്നത് സംബന്ധിച്ച കാര്യം അഞ്ചാമത്തെ തീരുമാനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിസംബര്‍ എട്ടിന് ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഓഫിസ് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. അതോടെ നടപടി താല്‍ക്കാലികമായി മരവിപ്പിച്ച അധികൃതര്‍ കഴിഞ്ഞ ഏപ്രില്‍ അവസാന വാരം വീണ്ടും ശ്രമം നടത്തിയെങ്കിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ജില്ലാ മെഡിക്കല്‍ ഓഫിസ് മാറ്റാന്‍ തീരുമാനമില്ലെന്ന് ഒ.ആര് കേളു എം.എല്‍.എയും പറഞ്ഞിരുന്നു. എന്നാല്‍ യോഗത്തിന്റെ മിനുട്സ് പുറത്തായതോടെ അധികൃതരുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."