തിരൂര്‍ ജില്ലാ ആശുപത്രി സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്കായി പ്രത്യേക പരിചരണ വിഭാഗം വരുന്നു
തിരൂര്‍: സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളുടെ പരിചരണത്തിനും ചികിത്സയ്ക്കുമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗം വരുന്നു. നിലവില്‍ വെല്ലൂര്‍ സി.എം.സി മെഡിക്കല്‍ കോളജ് മാതൃകയില്‍ പി.എം.ആര് വിഭാഗം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെറിബ്രല്‍ പാള്‍സി ചികിത്സയും പരിചരണവും സ്വകാര്യ മേഖലയില്‍ വന്പണച്ചെലവ് വരുന്നതാണ്.
ഇക്കാരണത്താല്‍ ചികിത്സ പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനാലാണ് രോഗം വഷളാകുന്നത്. ഈയൊരു സാഹചര്യത്തിലാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യേക പരിചരണ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ കെട്ടിട സൗകര്യങ്ങളുള്ളതിനാല്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
പുതിയ സംവിധാനങ്ങള്‍ സജീകരിക്കാന്‍ ജില്ലാ ആശുപത്രി സന്നദ്ധമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. വരം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ നടക്കുന്ന സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്കായുള്ള സഹായ പദ്ധതിയും ശ്രദ്ധേയമാണ്. പ്രത്യേക പരിചരണ വിഭാഗം ഒരുക്കാന്‍ ജില്ലാ ആശുപത്രി പി.എം.ആര് വിഭാഗത്തിലും അനുബന്ധമായ ഫിസിയോതെറാപ്പി യൂനിറ്റിലും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പി.എം.ആര് വിഭാഗം മേധാവി ഡോ.ജാവേദ് അനീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."