ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകള്‍ വീണ്ടും കടലിലേക്ക്
ചെറുവത്തൂര്‍: വറുതിയുടെ കാലത്തിന് അറുതിയാകുന്നു. ഒന്നരമാസക്കാലം നീണ്ട മണ്‍സൂണ്‍കാല ട്രോളിങ്ങ് നിരോധനം ഇന്ന് അവസാനിക്കും. അര്‍ധരാത്രിക്കുശേഷം മത്സ്യബന്ധന ബോട്ടുകളില്‍ തൊഴിലാളികള്‍ പ്രതീക്ഷയോടെ വീണ്ടും കടലിലേക്കു തിരിക്കും. അറ്റകുറ്റപ്പണികളും പെയിന്റിംഗ് ജോലികളും പൂര്‍ത്തീകരിച്ച ബോട്ടുകള്‍ ഇന്നലെ തന്നെ ഹാര്‍ബറുകളില്‍ എത്തി.
ട്രോളിങ് നിരോധനം നിലവില്‍ വന്നപ്പോള്‍ ബോട്ടുകള്‍ കയറ്റി വച്ചിരിക്കുന്ന മടക്കര പഴയ തുറമുഖത്തേക്കു കടലില്‍ പോകാന്‍ തയാറായി തൊഴിലാളികള്‍ എത്തിത്തുടങ്ങി.
മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ബോട്ടുകളില്‍ എത്തിച്ചു കഴിഞ്ഞു. പുതിയ വലകള്‍ ഉണ്ടാക്കിയവരും കുറവല്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കു വള്ളം നിറയെ മത്സ്യങ്ങള്‍ ലഭിച്ചിരുന്നു. ചെമ്മീനും വേളൂരിയുമാണ് ചാകരയായി കിട്ടിയത്. അതിനാല്‍ ആദ്യദിനങ്ങളില്‍ തന്നെ നിറയെ മീന്‍ കിട്ടുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
ട്രോളിങ് നിരോധന കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യയിനങ്ങളാണ് മത്സ്യവിപണിയിലേക്ക് കൂടുതലായി എത്തിയിരുന്നത്. മത്തിക്കു പോലും തീവില നല്‍കേണ്ടി വന്നു.
ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ കുറഞ്ഞ വിലയ്ക്കു നല്ല മത്സ്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും.
മത്സ്യങ്ങളുടെ പ്രജനനത്തിനു തടസമുണ്ടാകാതിരിക്കാനാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയത്. 47 ദിവസ മായിരുന്നു നിരോധന കാലയളവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."