മഖ്ദൂം ഇന്റര്‍നാഷനല്‍ സെന്റര്‍ സ്വപ്‌നപദ്ധതി: ഡോ. കെ.കെ.എന്‍ കുറുപ്പ്
കോഴിക്കോട്: അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഓര്‍മകള്‍ ശക്തിയാവണമെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്.
മഖ്ദൂമിന്റെ സ്മരണയ്ക്കായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡോ അറബ് റിലേഷന്‍സ് ആന്‍ഡ് സ്ട്രാറ്റജീസ് എന്ന പേരിലുള്ള ഗവേഷണ കേന്ദ്രം തന്റെ സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം ഓഫിസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കെ.കെ.എന്‍ കുറുപ്പ്.
ഈ ആശയം തന്റെ കാലത്ത് പൂവണിയണമെന്നില്ല. എനിക്ക് ശേഷം മറ്റാരെങ്കിലും ഇത് ഏറ്റെടുത്ത് നടപ്പാക്കുമെന്നാണ് വിശ്വാസം. മഖ്ദൂമിന്റെ ആശയങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ട്.
ചരിത്രത്തെ മാനിക്കാത്ത ശക്തികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി ചരിത്ര രചന നടത്തുകയാണ്. രാജ്യത്ത് സെക്കുലര്‍ ചരിത്രകാരന്‍മാര്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രരേഖകള്‍ പരിശോധിക്കാതെയാണ് ടിപ്പു സുല്‍ത്താനെ ചിലര്‍ വിമര്‍ശിക്കുന്നത്. ദേശീയത ഇല്ലാത്ത കാലത്താണ് അദ്ദേഹം മൈസൂരുവും കൂര്‍ഗും കീഴടക്കിയത്. ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് പറയുമ്പോഴും ടിപ്പു ഗുരുവായൂര്‍ ക്ഷേത്രത്തെ സഹായിച്ചതിന് രേഖകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയുടെ പുരോഗതിക്ക് കാരണം അവിടത്തെ ശക്തമായ നേതൃത്വമാണ്. കാലിക്കറ്റ് സര്‍വകലാശാലയെ വികസനത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. താന്‍ വി.സി ആയിരുന്നപ്പോള്‍ ഒട്ടേറെ കോഴ്‌സുകള്‍ ആരംഭിക്കാനും വികസനം നടപ്പാക്കാനും കഴിഞ്ഞു. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന പരാമര്‍ശത്തെ ശക്തമായി എതിര്‍ത്തയാളാണ് താന്‍. സര്‍വകലാശാലയില്‍ പ്രവേശനം നേടിയ മലപ്പുറത്തെ കുട്ടികള്‍ നല്ല കഴിവുള്ളവരാണെന്നും കോപ്പിയടിച്ചല്ല മാര്‍ക്ക് നേടിയതെന്ന് അറിയാവുന്നതുകൊണ്ടാണ് ഇതിനെ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."