സഊദിയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നു; വാണിജ്യ കേന്ദ്രങ്ങൾക്കകത്തും പുറത്തും കൂട്ടം കൂടരുതെന്ന് മുന്നറിയിപ്പ്; കനത്ത പിഴ ഈടാക്കും
റിയാദ്: സഊദിയിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്ന വാർത്തകൾ വരുമ്പോഴും വീണ്ടും പടരാതിരിക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കി സഊദി ആഭ്യന്തര മന്ത്രാലയം രംഗത്ത്. നേരത്തെ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും നിയമ ലംഘകർക്കെതിരെ ശക്തമായ പിഴയും ശിക്ഷകളും ഉണ്ടാകുമെന്നും സഊദി ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപകമാകുന്നതിനെ തടയാൻ കർശന നിയന്ത്രണം ആവശ്യമാണെന്നതിനെ തുടർന്നാണ് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.
عقوبة تجمع المتسوقين أو العاملين داخل أو خارج المحل التجاري بما يتجاوز الأعداد المنصوص عليها في الإجراءات الاحترازية والتدابير الوقائية.#وزارة_الداخلية pic.twitter.com/FQALaBEw05
— وزارة الداخلية (@MOISaudiArabia) December 23, 2020
കടകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും ആൾക്കൂട്ടത്തെ പൂർണ്ണമായും നിയന്ത്രിക്കണമെന്ന മുന്നറിയിപ്പ് ആഭ്യന്തര മന്ത്രാലയം ഇന്ന് വീണ്ടും ഓർമ്മപ്പെടുത്തി. ആൾക്കൂട്ട നിയമ ലംഘനങ്ങൾക്ക് ആദ്യ തവണ അയ്യായിരം റിയാൽ പിഴ ചുമത്തും. മുഴുവനാളുകൾക്കുമായി ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. രണ്ടാം തവണയും പിടിക്കപ്പെട്ടാൽ പതിനായിരം റിയാലും കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇതോടൊപ്പം സ്ഥാപനം അടച്ചു പൂട്ടുമെന്നും മന്ത്രാലയം അറിയിച്ചു.
ഷോപ്പിങ് കേന്ദ്രങ്ങളിലെ തൊഴിലാളികളാണെങ്കിലും ഉപഭോക്താക്കളാണെങ്കിലും വൈറസ് വ്യാപനത്തിന് കാരണമാകുന്ന തരത്തിൽ കൂട്ടം കൂടാൻ പാടില്ലെന്നാണ് ബുധനാഴ്ച്ച മന്ത്രാലയം വ്യക്തമാക്കിയത്.
രണ്ടു ദിവസം മുമ്പ്, അൻപതിലധികം ആളുകൾ പരിപാടികൾ സംഘടിപ്പിക്കരുതെന്നും ഇത്തരം പരിപാടികൾ കണ്ടെത്തിയാൽ കടുത്ത ശിക്ഷയും പിഴയും ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് കടകളിലും മറ്റു കേന്ദ്രങ്ങളിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടികൾ കർശനമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."