ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത: തമിഴ്‌നാട് ഡാമുകള്‍ കേരളത്തിന് ഭീഷണി
തൊടുപുഴ: കേരളത്തില്‍ അതിതീവ്രമഴയുടെ സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ചെറിയ തോതില്‍ വെള്ളം തുറന്നു വിടാനാണ് ആലോചന.
ഇടുക്കി, എറണാകുളം കലക്ടര്‍മാരെ തീരുമാനം അറിയിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും മഴയുടെ തോതും അടിസ്ഥാനമാക്കിയാകും ഷട്ടര്‍ ഉയര്‍ത്തുക. തുലാമഴ തുടരുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം.
നിലവില്‍ ശേഷിയുടെ 82.52 ശതമാനമാണ് ഇടുക്കിയിലെ ജലശേഖരം. ഇടമലയാറില്‍ നിലവില്‍ 75 ശതമാനം വെള്ളമാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് പെരിങ്ങല്‍കുത്ത് വഴി വെള്ളം എത്താനുള്ള സാധ്യത അടക്കം മുന്നില്‍ കണ്ടാണ് തീരുമാനം വരിക.
അടിയന്തര സാഹചര്യത്തില്‍ ഇടുക്കിയും ഇടമലയാറും ഒരുമിച്ച് തുറന്നാല്‍ ഭൂതത്താന്‍ കെട്ടിലാണ് വെള്ളം എത്തുക. ഒരുമിച്ച് ഇരു സംഭരണികളും തുറക്കാതെ ഘട്ടം ഘട്ടമായി തുറക്കാനാണ് ഡാം സേഫ്റ്റി വിഭാഗം ആലോചിക്കുന്നത്.
ഇന്നലെ രാത്രി ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിഷയം ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടാല്‍ ഏതുസമയവും ഡാം തുറക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. നിലവില്‍ ഇടുക്കി ഡാമിലെ ജല നിരപ്പ് 2387.76 അടിയാണ്. പരമാവധി സംഭരണ ശേഷിയായ 2403ല്‍ എത്തണമെങ്കില്‍ 16 അടി വെള്ളം കൂടി വേണം. ആഗസ്റ്റ് ഒമ്പതിന് ഡാമിലെ ജലനിരപ്പ് 2397 അടിയെത്തിയപ്പോഴാണ് മുന്‍പു തുറന്നത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്. എന്നാല്‍ മഴകനത്തതോടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടതായി വരികയും ചെയ്തു. 29 ദിവസത്തിന് ശേഷമാണ് ഷട്ടര്‍ താഴ്ത്തിയത്.
അതേസമയം നിറഞ്ഞ് കിടക്കുന്ന തമിഴ്‌നാട് ഡാമുകള്‍ കേരളത്തിന് ഭീഷണിയാകുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മുന്‍നിര്‍ത്തി കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മൊത്തം ലഭിക്കുന്ന മഴയുടെ പാതിയും തുലാമഴയിലാണ്.
ന്യൂനമര്‍ദം കൂടി എത്തുന്നതോടെ ഇതിന്റെ തീവ്രത കൂടും. അതേസമയം കേരളത്തിന്റെ മാതൃകയില്‍ ജലവിതാനം കണക്കുകള്‍ പരിശോധിച്ച് ക്രമീകരിക്കാന്‍ ഇതുവരെ തമിഴ്‌നാട് തയാറായിട്ടില്ല. മണിക്കൂറുകള്‍ക്കു മുന്‍പ് മുന്നറിയിപ്പു നല്‍കി ഡാമുകള്‍ തുറക്കുകയാണ് തമിഴ്‌നാടിന്റെ പതിവ്.
തമിഴ്‌നാടിന്റെ അപ്പര്‍ നീരാര്‍, ലോവര്‍ നീരാര്‍, അപ്പര്‍ ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നാല്‍ ഷോളയാര്‍ വഴി അതു പെരിങ്ങല്‍കുത്ത് ചാലക്കുടി പുഴ വഴി പെരിയാറ്റിലെത്തിച്ചേരും. ഒരുഭാഗം വാട്ടുമരം വഴി ഇടമലയാറിലും എത്തും. തമിഴ്‌നാടിന്റെ ഷോളയാറില്‍ നിലവില്‍ 143 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം സംഭരിച്ചിട്ടുണ്ട്. 152.5 ക്യുബിക് മീറ്ററാണ് പരമാവധി ശേഷി.
ഇതിനിടെ കെ.എസ്.ഇ.ബി ഇന്നലെ മുതല്‍ വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ വൈദ്യുതി വില്‍ക്കാനും നീക്കമുണ്ട്. ഇടുക്കി പദ്ധതിയിലെ ഉല്‍പാദനം 6-7 ദശലക്ഷം യൂണിറ്റ് ആയിരുന്നത് 10-12 വരെ ആക്കി ഉയര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."