അണ്ടര്‍ പാത്ത്‌വേ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു
താനൂര്‍: ദേവധാര്‍ റെയില്‍വേ അണ്ടര്‍ പാത്ത്‌വേ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. അശാസ്ത്രീയമായ നിര്‍മാണം കാരണം മഴവെള്ളം പൂര്‍ണമായും പാത്ത് വേയുടെ ഉള്ളില്‍ നിറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി അണ്ടര്‍ പാത്ത് വേ അടച്ചിട്ടിരിക്കുകയായിരുന്നു.
ഉദ്ഘാടനത്തിന് ശേഷം പാത്ത് വേ താനാളൂര്‍ പഞ്ചായത്തിന് കൈമാറിയിരുന്നു. തുടര്‍ന്ന് അടിയന്തര ഭരണസമിതി ചേര്‍ന്ന് 2018 -2019 വര്‍ഷത്തെ റിവിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പാത്ത് വേയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ അനുവദിച്ചത്. പദ്ധതി അംഗീകാരത്തിനായി ജില്ലാ പ്ലാനിങ് കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. സാങ്കേതിക അനുമതി വൈകിയതോടെ നവീകരണ പ്രവൃത്തി നടത്തുന്നതില്‍ പ്രയാസം നേരിട്ടു.
കഴിഞ്ഞ ദിവസം മുതല്‍ പാത്ത് വേയില്‍ നിറഞ്ഞ വെള്ളം ഒഴിവാക്കാനുള്ള നടപടി ആരംഭിച്ചു. അതേ സമയം വെള്ളം ഒഴുക്കിക്കളയാനുളള വാള്‍വ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതായി കരാറുകാരന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.
അണ്ടര്‍ പാത്ത്‌വേയില്‍ വെള്ളം നിറഞ്ഞാല്‍ സമീപത്തെ കിണറ്റിലേക്ക് വെള്ളം ഒഴുക്കിക്കളയാനായി സ്ഥാപിച്ച വാള്‍വാണ് തകര്‍ത്തിരിക്കുന്നത്.
കിണറിലെ വെള്ളം പമ്പ് ചെയ്ത് ഡ്രൈനേജിലേക്കാണ് ഒഴിവാക്കുക. ഇവിടെ പഞ്ചായത്ത് പമ്പ് സെറ്റ് സ്ഥാപിക്കുമെന്നാണ് പദ്ധതിയിലുള്ളത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ കെപുരം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വെള്ളം പമ്പ് ചെയ്ത് മാറ്റിയിരുന്നുവെങ്കിലും വീണ്ടും വെള്ളം നിറയുന്ന സ്ഥിതിയാണ്. നിര്‍മാണത്തിലെ അപാകതയാണ് വെള്ളം കിനിഞ്ഞിറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."