സഊദിയിലേക്ക് കടത്താനായി ഉള്ളിച്ചാക്കുകൾക്കിടയിൽ 1.13 കോടി മയക്കുമരുന്ന് ഗുളികകൾ; 4 വിദേശികളടക്കം 7 പേർ പിടിയിൽ
റിയാദ്: ഉള്ളിച്ചാക്കുകൾക്കിടയിൽ അതീവ രഹസ്യമായി സൂക്ഷിച്ച് സഊദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് ഇനത്തിൽ പെട്ട ഗുളികകൾസഊദി കസ്‌റ്റംസ് പിടികൂടി. വൻതോതിലുള്ള മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് നാർക്കോട്ടിക് സെൽ തകർത്തത്. മയക്കുമരുന്ന് ഗുളികകൾ പിടികൂടിയതിനു പുറമെ ഇതിനു പിന്നിലുള്ള സംഘത്തെ റിയാദിൽ വെച്ച് പിടികൂടുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ഇനത്തിൽ പെട്ട 11,375,600 ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമമാണ് തകർത്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽ നുജൈദി അറിയിച്ചു.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ പദ്ധതിയിടുന്ന ക്രിമിനൽ നെറ്റ്‌വർക്കുകളുടെ പ്രവർത്തനങ്ങൾ പതിവായി നിരീക്ഷിക്കുന്നത് റിയാദിൽ സംഘത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇതിനു പിന്നിൽ രാജ്യത്തിനകത്തുള്ള ക്രിമിനൽ ശൃംഖലയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പ്രതികളിൽ മൂന്ന് സ്വദേശികളും നാല് പേർ വിദേശികളുമാണ്. വെളുത്തുള്ളി ചാക്കുകൾക്കിടയിൽ അതീവ രഹസ്യമായിട്ടാണ് മയക്കുമരുന്ന് സഊദിയിലേക്ക് കടത്താനുള്ള ശ്രമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."