സംരക്ഷണ ഭിത്തി നിര്‍മാണം പാതിവഴിയില്‍ നിലച്ചു; തകര്‍ച്ചാ ഭീഷണിയില്‍ ചെറുപുഴ മത്സ്യമാര്‍ക്കറ്റ്
ചെറുപുഴ: സംരക്ഷണ ഭിത്തി നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ ചെറുപുഴ മത്സ്യ മാര്‍ക്കറ്റ് തകര്‍ച്ചാ ഭീഷണിയില്‍. ചെറുപുഴ ടൗണിനടുത്ത് തിരുമേനി പുഴയരികില്‍ പുറമ്പോക്ക് സ്ഥലം മണ്ണിട്ട് നികത്തിയാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചത്. മാര്‍ക്കറ്റിന്റെ ഇരുവശങ്ങളിലും പുഴയാണ്. ഇതിനെ സംരക്ഷിക്കാനെന്ന പേരിലാണ് ഇരുവശങ്ങളിലും മണ്ണെടുത്ത് പുഴയിലേക്കിട്ട് പ്രവൃത്തി ആരംഭിച്ചത്. ആദ്യം തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി തുടങ്ങി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നികത്തുന്നതു അന്നുതന്നെ ഏറെ വിവാദമായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞത് ചെവിക്കൊള്ളാന്‍ അധികൃതര്‍ തയാറായിരുന്നില്ല.
മഴക്കാലം ആരംഭിച്ചതോടെ കരയില്‍ കൂട്ടിയിട്ട മുഴുവന്‍ മണ്ണും ഒലിച്ച് പുഴയിലെത്തുന്ന സ്ഥിതിയാണ്.
ഇരുവശവും മണ്ണെടുത്തതിനാല്‍ മാര്‍ക്കറ്റും ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയാണ്. അപകട ഭീഷണി മുന്നില്‍ കണ്ടിട്ടും ദ്രുതഗതിയില്‍ വേണ്ട സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."