ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; ജില്ലയിലും അതീവ ജാഗ്രത
കോഴിക്കോട്: ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ മൂന്നു ദിവസം അതീവ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് അഭ്യര്‍ഥിച്ചു. കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. അതിശക്തമായ കാറ്റും കടല്‍ പ്രക്ഷുബ്ധമാകാനും ഇടയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പു ലഭിക്കുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം. കടലില്‍ പോയവര്‍ ഉടന്‍ തീരത്തെത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
മുന്നറിയിപ്പിനെ തുടര്‍ന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ഏഴാം തിയതി വരെ യെല്ലോ അലര്‍ട്ട് ആണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം.
ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതിശക്തമായ കാറ്റടിക്കാനും അതുവഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനും പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സജ്ജരായിരിക്കണം. പൊലിസ്, റവന്യു, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കുറും അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ഉറപ്പുവരുത്തും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലയിലെ ഡാം തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ 11.30ന് യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."