വരട്ടെ ഗവര്‍ണര്‍ മുക്ത ഭാരതം
ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധിയുടെ കേന്ദ്ര മന്ത്രിസഭയില്‍ അംഗവുമായിരുന്ന കാലം. ഷാബാനു കേസ് വിധി ചര്‍ച്ചയായതിനെ തുടര്‍ന്ന് വ്യക്തിനിയമ വിഷയത്തില്‍ രാജീവ് ഗാന്ധിയുമായി പിണങ്ങി അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. കോഴിക്കോട്ട് അന്ന് അദ്ദേഹത്തിനു വലിയൊരു സ്വീകരണമൊരുക്കിയിരുന്നു. മുഖ്യ സംഘാടകര്‍ സി.പി.എമ്മുകാര്‍. കൂട്ടത്തില്‍ സി.പി.ഐക്കാരടക്കമുള്ള ഇടതുമുന്നണിയിലെ മറ്റുള്ളവരും അതിനും പുറമെ പ്രത്യേക മുന്നണിയില്ലാത്തവരുമൊക്കെ ഉണ്ടായിരുന്നു. മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും അന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടിരുന്നില്ല. അതുകൊണ്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗമാളുകളും കേള്‍വിക്കാരായി എത്തി. മുതലക്കുളവും പരിസര റോഡുകളുമൊക്കെ ആളുകളെക്കൊണ്ട് നിറഞ്ഞു. എങ്ങും ഖാന് സിന്ദാബാദ് വിളികള്‍.
അതും കഴിഞ്ഞ് അദ്ദേഹം വി.പി സിങ്ങിനൊപ്പം ചേര്‍ന്ന് ജനതാദളിന്റെ നേതാവായി. അതോടെ ഇടതുപക്ഷക്കാര്‍ക്ക് ഖാന്‍ കൂടുതല്‍ പ്രിയങ്കരനായി. കോഴിക്കോട്ട് സ്വീകരിച്ച് മുദ്രാവാക്യം വിളിച്ചവരാരും അന്ന് കരുതിയതല്ല, ഒരുകാലത്ത് ഇതേ ഖാന്‍ വലിയൊരു പൊല്ലാപ്പായി ഗവര്‍ണറുടെ രൂപത്തില്‍ കേരളത്തിലെത്തുമെന്ന്. അവര്‍ കരുതിയിടത്തൊന്നും ഖാന്‍ നിന്നില്ല. അദ്ദേഹം പിന്നീട് ബി.എസ്.പിയില്‍ പോയി. അവിടെയും നില്‍ക്കാതെ മറ്റെവിടെയൊക്കെയോ പോയി. ബി.ജെ.പിയിലുമെത്തി. ഇടയ്‌ക്കൊന്ന് ബി.ജെ.പിയുമായി പിണങ്ങിയെങ്കിലും പിന്നെയും അടുത്തു. ബി.ജെ.പി അദ്ദേഹത്തെ കേരള ഗവര്‍ണറാക്കി.
കേന്ദ്ര ഭരണകൂടങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവരുടെ പ്രതിനിധികളായ ഗവര്‍ണര്‍മാര്‍ ഉടക്കുണ്ടാക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി ബിഹാറും കോണ്‍ഗ്രസ് കേരളവും ഭരിച്ചൊരു കാലമുണ്ടായിരുന്നു. അന്ന് ഗവര്‍ണര്‍ ബിഹാര്‍ മന്ത്രിസഭയ്ക്ക് നിരന്തരം ഉടക്കുവയ്ക്കുകയും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുകയുമൊക്കെ ചെയ്തിരുന്നു. പണി ഏല്‍പ്പിച്ച യജമാനന്‍മാര്‍ക്കു വേണ്ടി പണിയെടുക്കുക എന്നത് അവരുടെ ബാധ്യതയാണ്. അതവര്‍ ചെയ്തില്ലെങ്കില്‍ പിന്നെ ആ പണിയില്‍ തുടരാനാവില്ല. അതുകൊണ്ട് ഖാനും ആ ചുമതല നിര്‍വഹിക്കുന്നു എന്നുമാത്രം. യജമാനഭക്തി കാണിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ലല്ലോ.
അതുകൊണ്ടുതന്നെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ നില്‍ക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് അദ്ദേഹം ഉടക്കുവച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണെങ്കില്‍ പ്രതിപക്ഷവും മോദിക്കെതിരാണ്. അതുകൊണ്ട് ഉടക്കിനു കനം കൂടും. വെറുതെയല്ല രണ്ടു വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കാന്‍ വിളിച്ച രണ്ടു പ്രത്യേക നിയമസഭാ സമ്മേളനങ്ങള്‍ മുടക്കാന്‍ അദ്ദേഹം പഠിച്ചപണിയൊക്കെ എടുത്തു പ്രയോഗിച്ചത്. ഒന്ന്, പൗരത്വ നിയമ ഭേദഗതിയുടെ പേരിലായിരുന്നു. രണ്ടാമത്തേത്, കാര്‍ഷിക നിയമങ്ങളുടെ പേരിലും. അതിനിയും തുടര്‍ന്നുകൂടെന്നില്ല. എന്നല്ല, തുടരുക തന്നെ ചെയ്യും, എല്ലാ സംസ്ഥാനങ്ങളിലും. അതവരുടെ പണിയാണ്.
നാളെ ബി.ജെ.പി മാറി കോണ്‍ഗ്രസോ അല്ലെങ്കില്‍ മറ്റേതെങ്കിലും കക്ഷി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലും അവരുടെ ശിങ്കിടികളായ ഗവര്‍ണര്‍മാരും ഈ പണി തന്നെയെടുക്കും. അതിനൊരു പോംവഴി ഗവര്‍ണര്‍ എന്നൊരു പദവി തന്നെ ഇല്ലാതാക്കുകയാണ്. എന്നാല്‍ അങ്ങനെയൊരാവശ്യം ഉയര്‍ന്നുവന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരേ ഉറഞ്ഞുതുള്ളുന്നവരില്‍ അധികമാരെയും അതിനെ പിന്തുണയ്ക്കാന്‍ കിട്ടിക്കൊള്ളണമെന്നില്ല. ഗവര്‍ണര്‍ ഉണ്ടാകണമെന്നും എന്നാല്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഗവര്‍ണര്‍മാര്‍ മര്യാദരാമന്‍മാര്‍ ആയിരിക്കണമെന്നും പറയുന്നവരാണ് മിക്ക കക്ഷികളും. സി.പി.എം അങ്ങനെയല്ല. പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഗവര്‍ണറെന്ന പദവി തന്നെ ഇല്ലാതാക്കുമെന്ന് പിറന്ന കാലത്തുതന്നെ അവര്‍ പറഞ്ഞിട്ടുണ്ട്. അതായത്, കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ സ്വപ്നം പോലെ ഗവര്‍ണര്‍ മുക്ത ഭാരതമെന്നത് സി.പി.എമ്മിന്റെ ഒരു മധുരമനോഹര സ്വപ്നമാണ്. അതിനൊരു കാരണവുമുണ്ട്. ഐക്യകേരളത്തിലെന്നല്ല, ഇന്ത്യയിലെയും അതിനുമപ്പുറം ലോകത്തെ തന്നെയും ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രത്തിനു പിരിച്ചുവിടാന്‍ ആവശ്യമായ പണിയെടുത്തത് അന്നത്തെ ഗവര്‍ണറാണ്. അക്കാരണത്താല്‍ തന്നെ പാര്‍ട്ടിക്ക് ഗവര്‍ണര്‍ പദവി കണ്ണിനുനേരെ കണ്ടുകൂടാ. ഇപ്പോള്‍ സി.ബി.ഐയെയും ഇ.ഡിയെയുമൊക്കെ കണ്ടുകൂടാത്തതുപോലെ.
പിന്നെ, ഇതേ സ്വപ്നം കാണുന്ന മറ്റൊരു പാര്‍ട്ടി തമിഴ്‌നാട്ടിലെ ഡി.എം.കെയാണ്. അതുപോലെ ചില ചെറുകക്ഷികള്‍ ഏതെങ്കിലുമൊക്കെ സംസ്ഥാനങ്ങളില്‍ കണ്ടേക്കും. ഗവര്‍ണറെന്ന ശല്യം പൂര്‍ണമായി ഇല്ലാതാക്കണമെങ്കില്‍ ഈ സ്വപ്നമുള്ള ആരെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം. ഡി.എം.കെയും മറ്റുള്ളവരുമൊക്കെ വെറും ഡൂക്കിലി പ്രാദേശിക കക്ഷികളാണ്. എന്നാല്‍ സി.പി.എം അങ്ങനെയല്ല. വലിയൊരു ദേശീയകക്ഷിയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് എന്നെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. അതിനധികം കാലതാമസം വേണ്ടിവരില്ല. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നാണല്ലോ പഴഞ്ചൊല്ല്. ഭരണം കിട്ടിയാലുടന്‍ തന്നെ ഗവര്‍ണര്‍ പദവി എടുത്തുകളഞ്ഞ് സംസ്ഥാനങ്ങളെ സുഖമായി ഭരിക്കാന്‍ അവര്‍ സൗകര്യമൊരുക്കും. അതു ഗവര്‍ണര്‍ പദവിയില്‍ മാത്രം ഒതുങ്ങിക്കൊള്ളണമെന്നില്ല. സി.ബി.ഐയെയും ഇ.ഡിയെയുമൊക്കെ പിരിച്ചുവിടാനുമിടയുണ്ട്. പകരം പഴയ സോവിയറ്റ് യൂനിയനിലെ കെ.ജി.ബി മാതൃകയില്‍ എന്തെങ്കിലുമൊക്കെ അന്വേഷണ ഏജന്‍സികള്‍ ഉണ്ടാക്കിയാല്‍ മതിയല്ലോ.
വോട്ടും വില്‍ക്കാനുള്ളതാണ്
വോട്ടുവില്‍പന രാജ്യത്ത് പുതിയ സംഭവമൊന്നുമല്ല. കേരളത്തില്‍ അതിനൊട്ടും പുതുമയുമില്ല. ഇവിടെ പല പാര്‍ട്ടികളും വോട്ട് വിറ്റിട്ടുണ്ട്. അതത്ര അധാര്‍മികമായ കാര്യവുമല്ല. കുടുംബത്തില്‍ ദാരിദ്ര്യം വന്നുകയറിയാല്‍ നേരത്തെ സമ്പാദിച്ചുവച്ച എന്തെങ്കിലും വിറ്റ് കാര്യം നടത്തുന്നത് പണ്ടുകാലം മുതല്‍ ഉള്ളതാണ്. ഒരുകാലത്ത് ഇതു തുടര്‍ച്ചയായി ചെയ്തുപോന്നൊരു പാര്‍ട്ടിയാണ് ബി.ജെ.പി. കൈയില്‍ കാശില്ലാതിരുന്ന കാലത്ത് വോട്ട് വെറുതെ വച്ചിരിക്കുന്നതില്‍ കാര്യമില്ലെന്നു തോന്നിയതു കൊണ്ടാണത്. അന്നു കോണ്‍ഗ്രസിനു സമ്പല്‍സമൃദ്ധിയുടെ കാലമായിരുന്നു. അതുകൊണ്ട് അവര്‍ പലപ്പോഴും ബി.ജെ.പിയില്‍നിന്ന് വോട്ട് വാങ്ങിയതായി ആ പാര്‍ട്ടിയുടെ ആളുകളും ബി.ജെ.പിയുടെ ആളുകളുമൊക്കെ അവരുടെ പാര്‍ട്ടികളോട് പിണങ്ങിയ സന്ദര്‍ഭങ്ങളില്‍ പുറത്തുപറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സി.കെ പത്മനാഭന്‍ വോട്ട് ഇടപാട് അറിയാതെ, പാര്‍ട്ടിക്കു കിട്ടേണ്ട വോട്ടില്‍ പകുതിപോലും കിട്ടാതെ തോറ്റ് നാണംകെട്ട് തിരിച്ചുപോയത് ആരും മറന്നുകാണില്ല.
വോട്ട് മാത്രമല്ല, സീറ്റും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍ക്കാറുണ്ട്. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ ചില നിയമസഭാ സീറ്റുകള്‍ അവരുടെ വര്‍ഗശത്രുക്കളായ ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ക്ക് വിറ്റതായി പലരും ആരോപിക്കാറുണ്ട്. കച്ചവടത്തില്‍ വര്‍ഗഭേദമില്ലല്ലോ. സാധാരണ ഇത്തരം ഇടപാടുകളില്‍ ഒട്ടും മിടുക്കില്ലാത്ത സി.പി.ഐ പോലും ഒരിക്കല്‍ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് വിറ്റതായി ആരോപണമുയര്‍ന്നിരുന്നു. അതിന്റെ പേരില്‍ ചില നേതാക്കള്‍ക്കെതിരേ നടപടിയെടുത്ത് പാര്‍ട്ടി തന്നെ അതു സമ്മതിച്ചിട്ടുമുണ്ട്.
ഇപ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ അവലോകന യോഗത്തില്‍ പലയിടങ്ങളിലും പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിക്കു വിറ്റെന്നു പറഞ്ഞ് ബഹളമുണ്ടായതായി വാര്‍ത്തകളുണ്ട്. അതിലൊന്നും ഒരു തകരാറുമില്ല. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കഷ്ടകാലമാണ്. കാശിനു വലിയ ഞെരുക്കമാണ്. അതുകൊണ്ട് കുറച്ചു വോട്ടുകള്‍ വിറ്റുകാണും. നാളെ പ്രതാപകാലം തിരിച്ചുവന്നാല്‍ ബി.ജെ.പിയില്‍ നിന്നോ മറ്റേതെങ്കിലും പാര്‍ട്ടികളില്‍ നിന്നോ വോട്ട് വാങ്ങുകയും ചെയ്യാമല്ലോ. ഇന്നത്തെ സമ്പന്നര്‍ നാളെ ദരിദ്രരും ഇന്നത്തെ ദരിദ്രര്‍ നാളെ സമ്പന്നരുമൊക്കെ ആവാമല്ലോ. അതു നാട്ടുനടപ്പല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."