യുവതിയുടെ ദുരൂഹ സാഹചര്യത്തിലെ മരണം; കൊലപാതകമെന്ന് നിഗമനം
നേമം: വെടിവച്ചാന്‍കോവിലിനു സമീപം വാടകവീട്ടില്‍ കഴിഞ്ഞദിവസം യുവതിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. നരുവാമൂട് കൂരച്ചല്‍കോണം ഗീതാഭവനില്‍ രാജേശ്വരിയുടെ മകള്‍ സുജാത (41)യാണ് ഇവര്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിച്ചു വരുന്ന വെടിവച്ചാന്‍കോവില്‍ ചാനല്‍ക്കര തൊണ്ടൂര്‍വിളാകം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ക്കൊപ്പം താമസിച്ചു വന്നിരുന്ന രണ്ടാം ഭര്‍ത്താവായ വട്ടപ്പാറ ആണ്ടൂര്‍ക്കോണം സ്വദേശിയെന്ന് പറയപ്പെടുന്ന ഷംനാദിനുവേണ്ടി പൊലിസ് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തിന് ശേഷം ഇയാള്‍ തമിഴ്‌നാട് വഴി ആന്ധ്രയിലേയ്ക്ക് കടന്നതായി പൊലിസിന് വിവരം ലഭിച്ചു. ഇയാളെ പിന്തുടര്‍ന്ന് പൊലിസ് ആന്ധ്രയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടൂകൂടി വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ സുജാതയുടെ നാലുദിവസത്തോളം പഴക്കം വരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ പൊലിസ് ഫോറന്‍സിക്ക് വിദഗ്ധരുടെ സഹായം തേടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപാതകമാണന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
സംഭവം നടന്നതായി അനുമാനിക്കുന്ന ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ ഷംനാദിനെ പരിസരവാസികള്‍ കാണാത്തതും കൊലപാതകത്തിന് പിന്നില്‍ ഇയാളാണെന്ന അനുമാനത്തില്‍ എത്തിച്ചേര്‍ന്നു. കൂടാതെ വീട്ടിലെ മറ്റൊരു മുറിയില്‍ രക്തകറ കാണപ്പെട്ടതും മൃതദേഹം വലിച്ചിഴച്ച പാടുകളും സംഭവം കൊലപാതകമാണന്ന് ഉറപ്പിക്കാന്‍ ഇടയായി.അഞ്ച് വര്‍ഷം മുന്‍പ് ആദ്യ ഭര്‍ത്താവ് കാട്ടാക്കട സ്വദേശി ബിനുവുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ഇവര്‍ ഷംനാദുമായി താമസം ആരംഭിച്ചത്.
കൂലിപ്പണിക്കാരനായ ഷംനാദ് വല്ലപ്പോഴുമാണ് വീട്ടില്‍ എത്താറുള്ളത്. ഷംനാദുമായുള്ള ബന്ധത്തിന് ശേഷം സുജാതയ്ക്ക് അവരുടെ വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലായിരുന്നതായി പറയുന്നു. സുജാതയും ഷംനാദും മാത്രമായിരുന്നു വീട്ടില്‍ താമസം. നിലവില്‍ റെയില്‍വേയിലെ ശുചീകരണ വിഭാഗത്തില്‍ കരാര്‍ ജോലിക്കാരിയായിരുന്നു ഇവര്‍.
നരുവാമൂട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."