ഇരട്ടക്കൊലപാതകം; പിടികിട്ടാപ്പുള്ളി പിടിയില്‍
ഒറ്റപ്പാലം: രണ്ട് കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട് കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവാതെ മുങ്ങി നടന്നിരുന്ന പ്രതിയെ ഒറ്റപ്പാലം പൊലിസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ പേരൂര്‍ മാടംപെട്ടി കുപ്പനൂര്‍ ചിന്നസ്വാമിയുടെ മകന്‍ ശിവകുമാര്‍ എന്ന സെന്തിലിനെ(41)യാണ് ഒറ്റപ്പാലം സി.ഐ പി അബ്ദുല്‍ മുനീറും സംഘവും അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ സായിബാബ കോളനിയില്‍ വച്ചായിരുന്നു പൊലിസ് പിടിയിലായത്.
2004ല്‍ ഒറ്റപ്പാലം കണ്ണിയംപുറത്ത് വാടക വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന തമിഴ് നാട്ടുകാരന്‍ നടരാജന്‍ എന്നയാളെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 5000രൂപ കവര്‍ച്ച ചെയ്തു കൊണ്ടുപോയ ഇയാളെ 2013 ല്‍ ഒറ്റപ്പാലം പൊലിസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്നു മാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു. ചെന്നൈ ഗിണ്ടി പൊലിസ് സ്റ്റേഷനിലും 2012 ല്‍ സമാനമായ കൊലപാതക കവര്‍ച്ച കേസ് ഉള്ളതായും പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയാണെന്നും പൊലിസിന് വിവരം ലഭിച്ചിരുന്നു.
പ്രതി കോയമ്പത്തൂരിലെ താമസ വീട്ടില്‍ പോവാതെ സായിബാബ കോളനിയില്‍ ഒരു സ്ഥലത്ത് ഒളിച്ചു താമസിക്കുന്നതായ വിവരം പൊലിസിന് ലഭിച്ച അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഒറ്റപ്പാലം പൊലിസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മുനീര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ കെ ജയകുമാര്‍, വി രവികുമാര്‍, മുകുന്ദകുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ കെ.സി പ്രദീപ് കുമാര്‍, കുമരേഷ്, ഡ്രൈവര്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഹരിദാസന്‍, വാളയാര്‍ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഇ അനില്‍കുമാര്‍, പാലക്കാട് സൈബര്‍ സെല്ലിലെ സിവില്‍ പൊലിസ് ഓഫിസറായ ജി സതീഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയിരുന്നത്.
പൊലിസ് വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതിയെ കുടുക്കിയത്. ഇയാളെ ഒറ്റപ്പാലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."