ചിറപ്പുറത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് കേസ് ഒതുക്കാന്‍ സി.പി.എം നീക്കം
നീലേശ്വരം: ചിറപ്പുറം ആലിന്‍കീഴിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനെത്തിയ നഗരസഭാ കൗണ്‍സിലര്‍മാരും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവം ഒതുക്കി തീര്‍ക്കാന്‍ സി.പി.എമ്മില്‍ തിരക്കിട്ട നീക്കം. സംഭവത്തില്‍ ആറോളം കൗണ്‍സിലര്‍മാര്‍ക്കും നിരവധി നാട്ടുകാര്‍ക്കും പരുക്കേറ്റിരുന്നു. രണ്ടിന് ഉച്ചയോടെയാണ് നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി ജയരാജന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ എത്തിയത്. എന്നാല്‍ മലിനീകരണ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കൗണ്‍സിലര്‍മാരെ വളഞ്ഞു. പിന്നീട് ഏറെനേരം ഇരുവിഭാഗങ്ങളും തമ്മില്‍ കൈയാങ്കളിയുണ്ടായി. പൊലിസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
അക്രമത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, കൗണ്‍സിലര്‍മാരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, എം.വി രാധ, പി.വി ഗീത എന്നിവര്‍ക്കും ഏതാനും നാട്ടുകാര്‍ക്കും പരുക്കേറ്റു. ഇവരെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സംസ്‌കരിക്കാനായി കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച ചാക്കിനു വേണ്ടി നാട്ടുകാരും കൗണ്‍സിലര്‍മാരും തമ്മില്‍ പിടിവലി നടന്നു. ഇതിനിടയില്‍ ചാക്കുകള്‍ കീറിപ്പറിഞ്ഞ് പ്ലാസ്റ്റിക് കുപ്പികളും മറ്റും അന്തരീക്ഷത്തിലും പരിസരങ്ങളിലുമായി ചിതറിത്തെറിച്ചു. ജനങ്ങളും കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷം സി.പി.എം നേതൃത്വത്തിനാണ് ഏറെ തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് മൂന്നിനു രാത്രി തന്നെ അടിയന്തിരമായി സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുകയും സംഭവം ചര്‍ച്ച ചെയ്യുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ്ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത ബ്രാഞ്ച് യോഗത്തില്‍ നഗരസഭക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ചിറപ്പുറത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നത് ജനങ്ങള്‍ക്ക് യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു. നഗരത്തില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് ഉപയോഗ്യമാക്കി കയറ്റുമതി ചെയ്യുന്നതിലൂടെ ഒരുപരിധി വരെ നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും നഗരസഭക്ക് ഇതുവഴി വരുമാനം ലഭിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍ പരിസരത്തെ ബ്രാഞ്ച് കമ്മിറ്റികളെപ്പോലും അറിയിക്കാതെ തിടുക്കപ്പെട്ട് മാലിന്യം സംസ്‌കരിക്കാനെത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ബ്രാഞ്ച് അംഗങ്ങള്‍ ആരോപിച്ചു. ഒടുവില്‍ അക്രമം സംബന്ധിച്ച കേസുകള്‍ ഒതുക്കിത്തീര്‍ക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്.
മുമ്പു സി.പി.എമ്മിന്റെ കീഴില്‍ ദാമോദരന്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് ചിറപ്പുറത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. അന്നത്തെ തദ്ദേശസ്വയം ഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പക്ഷേ പിന്നീടൊരിക്കലും അവിടെ മാലിന്യം സംസ്‌കരിക്കാന്‍ നാട്ടുകാര്‍ വിട്ടില്ല.
അധികമാരും ഇല്ലാത്ത ജനസാന്ദ്രതയില്ലാത്ത പ്രദേശത്തായിരുന്നു പ്ലാന്റ് സ്ഥാപിച്ചിരുന്നത്.എന്നാല്‍ പിന്നീട് പഞ്ചായത്ത് തന്നെ മുന്‍കൈയെടുത്ത് ഇവിടെ വീട് വെയ്ക്കാന്‍ പലര്‍ക്കും അനുവാദം നല്‍കുകയായിരുന്നു. ജനസാന്ദ്രത കൂടിയതോടെ നാട്ടുകാര്‍ പ്ലാന്റിനെ തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."