HOME
DETAILS

പ്രളയാനന്തരം കേരളം എന്ത് ചെയ്തു?

  
backup
July 23 2019 | 20:07 PM

pralayam-keralam-article-24-07-2019

 



ഇത്തവണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് മഴ കനത്ത് പെയ്ത ഒന്നാം ദിവസം തന്നെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി തുടങ്ങിയ മിക്ക ടൗണുകളും വെള്ളത്തില്‍ മുങ്ങി. അതേ നിലയില്‍ മഴ ഒരാഴ്ചയെങ്ങാനും നീണ്ടു നിന്നിരുന്നുവെങ്കില്‍ എന്താകുമായിരുന്നു! ഒരു പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മയുടെ ഒന്നാം വര്‍ഷം തന്നെയായിരുന്നു ഈ അനുഭവം. കേരളത്തെ മുക്കിക്കൊന്ന 1924ലെ മഹാപ്രളയത്തിന് കാരണമായത് മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയായിരുന്നുവെന്നാണ് ചരിത്രരേഖ. എന്നാല്‍ ഇത്തവണ ഒരൊറ്റ ദിവസത്തെ മഴയാല്‍ കണ്ണൂര്‍ നഗരത്തില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് മാറിത്താമസിക്കേണ്ടിവന്നത്. അതിന്റെ നാലിലൊരു ശതമാനമാണ് ദുരിതാശ്വാസ ക്യാംപിലെത്തിയത്. നഗരവാസികള്‍ എന്ന നിലയില്‍ ഇടത്തരം സാമ്പത്തിക ശേഷിയുള്ളവരായതിനാല്‍ മറ്റെല്ലാവരും ബന്ധുവീടുകളിലേക്കാണ് മാറിത്താമസിച്ചത്. ഇവിടെ ഉരുള്‍പൊട്ടിയിരുന്നില്ല, മറ്റ് അസാധാരണമായിട്ടൊന്നും സംഭവിച്ചിട്ടുമില്ല. താമസിക്കുന്ന പരിസരത്തെ ഓടകള്‍, കനാലുകള്‍ ഒന്നും തടസം നീക്കപ്പെടാതെയാണ് നഗരം കാലവര്‍ഷത്തെ വരവേറ്റത്. അതാണ് പ്രശ്‌നം.
നഗരത്തിന്റെ മഴ ജലസംഭരണിയായിരുന്ന താവ നികത്തിയാണ് കണ്ണൂര്‍ നഗരസഭ താവക്കരയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പണിതത്. പകരം ജലം ഒഴുകിപ്പോകാന്‍ ഒരുക്കിയ ഓട ശാസ്ത്രീയമല്ല. ഉള്ളത് ശുഷ്‌കാന്തിയോടെ പരിപാലിച്ചുമില്ല. വെള്ളത്തില്‍ മുങ്ങിയ കോഴിക്കോട്, കൊച്ചി തുടങ്ങിയ മിക്കനഗരങ്ങളിലെയും അനുഭവം സമാനമാണ്.
പ്രളയാനന്തരം കേരളത്തെ ജാഗ്രതയോടെ നയിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കുകയോ ഉള്ളത് പാലിക്കാന്‍ കണ്ണുരുട്ടുകയോ ചെയ്യുന്നില്ലെന്നതിന്റെ ദൃഷ്ടാന്തമാണിത്. ജനങ്ങളില്‍ നിന്ന് നികുതി വസൂലാക്കാന്‍ നിശ്ചിത തിയതി തീരുമാനിക്കാറുണ്ട്. അതിനുള്ളില്‍ നികുതി അടച്ചില്ലെങ്കില്‍ പിന്നെ പിഴയും ചുമത്തും. ഇതേ തദ്ദേശ സ്ഥാപനങ്ങള്‍ നികുതിദായകരോടുള്ള അവരുടെ ഭരണപരമായ കടമ നിര്‍വഹിക്കാതിരുന്നാലോ പിഴ ശിക്ഷക്ക് വിധേയമാക്കപ്പെടണം. അതിനുള്ള ജാഗ്രതയാണ് ഇനി വേണ്ടത്.
വീണ്ടുമൊരു പ്രളയം വരും മുമ്പ് പ്രതിരോധം പൂര്‍ണമാക്കാനും പകര്‍ച്ചവ്യാധിക്ക് മുമ്പെ ശുചീകരണം നടത്താനും കട്ടോഫ് ഡേറ്റും അത് ലംഘിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങളെ നിയമപരമായി താക്കീത് ചെയ്യാനും ചട്ടക്കൂട് വേണം. ആസൂത്രണ ഫണ്ട് വിനിയോഗം നൂറ് ശതമാനം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള പങ്കാളിത്ത വിഹിതം വെട്ടിച്ചുരുക്കാറുണ്ട്. അതുപോലെ കാലവര്‍ഷത്തിന് മുമ്പെ പൂര്‍ത്തീകരിക്കേണ്ട ജോലികളുടെ ഷെഡ്യൂള്‍ നിശ്ചയിച്ച് അത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ബജറ്റ് പണിഷ്‌മെന്റ് നല്‍കണം. അതൊന്നുമില്ലാത്തതിന്റെ കുറവല്ല, ദുരന്തങ്ങളെ അഭിമുഖീകരിച്ചതിന്റെ 'മറവി രോഗ'മാണ് നമ്മെ വേട്ടയാടുന്നത് എന്നാണെങ്കില്‍ പാഠം പഠിച്ചിട്ടും പഠിക്കുന്നില്ല എന്നര്‍ഥം.
ദുരന്തനിവാരണ അതോറിറ്റി പൂര്‍വോപരി ജാഗ്രതയിലാണ്. മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കപ്പെടുന്നു. പക്ഷെ, മുന്‍കരുതലുകള്‍ വേണ്ട സമയം സ്വീകരിക്കുന്നില്ല. ആകെ മുന്‍കരുതല്‍ എന്നത് വിദ്യാഭ്യാസ അവധികളായി പരിമിതപ്പെടുന്ന നിലയാവരുത്. കഴിഞ്ഞ പ്രളയാനുഭവം മുന്നില്‍ വച്ച് ഡാമുകളുടെ പരിചരണം, തീരദേശ സുരക്ഷ, മലയോര ജാഗ്രത, സര്‍വോപരി തദ്ദേശ സ്ഥാപനങ്ങളെ മുന്നിലിറക്കി ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന പ്രക്രിയ ഇതൊക്കെ നടത്തണമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കാര്യക്ഷമമായി അവയൊന്നും നിര്‍വഹിക്കപ്പെട്ടിട്ടില്ല.

വേണം സമഗ്ര ദുരിതാശ്വാസ
പ്രോഗ്രസ് റിപ്പോര്‍ട്ട്
2016 മെയ് 24 മുതല്‍ 2019 മെയ് 23 വരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വകുപ്പ് തല നേട്ടങ്ങളുടെ പട്ടിക മാത്രമാണത്. പ്രളയകാലത്തിന്റെ മുറിവുകളുണക്കി അതിജീവനത്തിന്റെ പാതയിലുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ സംഗമം 14 ജില്ലകളിലും 'ജനകീയം ഈ അതിജീവനം' എന്ന പേരില്‍ ജൂലൈ 20ന് സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായും ആനുകൂല്യങ്ങള്‍ കൈമാറുന്നതിനുമായി ഒരുക്കിയതായിരുന്നു സംഗമം. ഓരോ ജില്ലകളിലെയും ആനുകൂല്യങ്ങള്‍ കൈമാറുന്നതിനും വീടുകള്‍ നിര്‍മിച്ചുനല്‍കിയവര്‍ക്ക് താക്കോല്‍ കൈമാറുന്നതിനും ചടങ്ങ് വേദിയായി.
ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇനിയും കുറേ കടമ്പകള്‍ താണ്ടാനുണ്ടെന്ന് ബോധ്യമാവും. പ്രളയം വന്‍ വിപത്ത് സമ്മാനിച്ച ആലപ്പുഴയിലെ പൂര്‍ണമായി തകര്‍ന്ന 2516 വീടുകളില്‍ 837 എണ്ണമേ പുനര്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് 310ല്‍ 115 ഉം നിര്‍മിച്ചു. ഇടുക്കിയില്‍ സഹകരണ മേഖലയുടെ സഹായത്തോടെ 2000 ഫ്‌ളാറ്റുകള്‍ വിഭാവന ചെയ്ത കെയര്‍ ഹോം പദ്ധതി രണ്ടാംഘട്ടത്തിലാണ് തുടങ്ങുന്നത്. മറ്റ് ജില്ലകളിലെ സ്ഥിതിവിവരം അറിയാനുണ്ട്. പുനരധിവാസത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ പരാതികള്‍ നിരവധിയായിരുന്നു.
മൂന്നാംഘട്ടത്തില്‍ അപ്പീല്‍ നല്‍കിയവരുടെ അപേക്ഷകള്‍ പരിശോധിച്ച് ഓഗസ്റ്റ് മാസം ധനസഹായം ലഭ്യമാക്കുമെന്നാണ് പറയുന്നത്. അര്‍ഹരായ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇനിയും അവസരം നല്‍കും. അതിനായി അദാലത്തുകള്‍ നടത്തും എന്നൊക്കെ ചില ജില്ലാ അധികൃതര്‍ വിവരിക്കുന്നുണ്ട്. കൂനിന്‍മേല്‍ കുരുപോലെ പുതിയ കാലവര്‍ഷ ദുരിതം മുന്നില്‍ വരികയും ചെയ്യും.

പറഞ്ഞതും പ്രവര്‍ത്തിച്ചതും
ഏറെയായിരുന്നു പ്രളയാനന്തര വാഗ്ദാനങ്ങള്‍. പുനരധിവാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വന്‍തോതില്‍ വിഭവ സമാഹരണം തുടങ്ങുമെന്ന് നിശ്ചയിച്ചു. ലോക കേരള സഭ, വിദേശ മലയാളി സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവസമാഹരണം നടത്താനും ഇതിന്റെ ഭാഗമായി ഗള്‍ഫ് രാഷ്ട്രങ്ങളിലും യു.കെ, ജര്‍മനി, യു.എസ്.എ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കാനും തീരുമാനിച്ചു. സമാനമായി മലയാളി അസോസിയേഷനുകള്‍ പ്രധാന നഗരങ്ങളില്‍ വിഭവ സമാഹരണം നടത്തുമെന്നും പറഞ്ഞിട്ടുണ്ട്. പ്രവാസികളുടെ മടിശ്ശീലയും നന്നായി ചോര്‍ത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പ്രളയം വരവ് ചെലവ് വേറെ തന്നെ രേഖപ്പെടുത്തണമെന്നോ പ്രളയ ഫണ്ട് വരവ് പ്രത്യേക ഫണ്ടായി മാറ്റണമെന്നോ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. എന്തായാലും ഒരു ഓഡിറ്റിങ്ങ് വേണം.
വീടുകള്‍, കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുണ്ടായ കേടുപാടുകളും നഷ്ടവും സംബന്ധിച്ച വിവരങ്ങളുടെ ശേഖരണം, സമാഹരണം, പരിശോധന എന്നിവ ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. ഇങ്ങനെ ശേഖരിച്ച വിശദാംശങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ജിനിയര്‍മാര്‍ക്കും അവരുടെ സാങ്കേതിക പിന്തുണാ സംഘത്തിനും കൈമാറും. നാശവും നഷ്ടവും സംബന്ധിച്ച അവരുടെ നേരിട്ടുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിച്ച് അനുവദിക്കും. എത്ര സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചുവെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ജനമറിയാനുണ്ട്.

പുനര്‍ നിര്‍മാണ വ്യാമോഹ രേഖ
കേരള പുനര്‍നിര്‍മാണ വികസന പദ്ധതി രേഖയില്‍ ദുരന്ത പ്രതിരോധ മാര്‍ഗങ്ങള്‍ പലതും വിവരിക്കുന്നുണ്ട്. പക്ഷെ, ധനാഗമനമെന്ത് എന്നതാണ് പ്രശ്‌നം. ബജറ്റ് തന്നെ കിഫ്ബിയുടെ മാന്ത്രിക വടിപ്രയോഗത്തിന്റെ മെക്കാനിസങ്ങളാണ്. പുനര്‍നിര്‍മാണ വികസന രേഖ പരോക്ഷമായി ഇക്കാര്യം പരിഹസിക്കുന്നുണ്ട് (സ്വയം വിമര്‍ശിക്കുന്നുണ്ട്). ആസ്തികളുടെ ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയുള്ള റിസ്‌ക് ട്രാന്‍സ്ഫര്‍ പദ്ധതി എന്നിവ പുതിയ വഴികളായി അതില്‍ വിവരിക്കുന്നു. പക്ഷെ, ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടാന്‍ മാത്രം എത്ര ആസ്തികളാണ് കാലോചിതമായി നവീകരിക്കപ്പെട്ടിട്ടുള്ളത്
ബാഹ്യ ധനകാര്യ സ്ഥാപനങ്ങളും സ്വമേധയാ ഉള്ള സംഭാവനകളും ഉള്‍പ്പെടെ കേരളത്തിന് സുസ്ഥിരമായ ധനസഹായം കണ്ടെത്തിയാല്‍ സാധിതമാവുന്ന കുറേ നിര്‍ദേശങ്ങളാണ് പുനര്‍നിര്‍മാണ രേഖയിലുള്ളത്.
രൂപരേഖ മുന്നോട്ട് വയ്ക്കുന്ന കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ കേരളത്തിലെ നഗര, അര്‍ധനഗരങ്ങളുടെ സാഹചര്യം പരിഗണിച്ചുള്ളവയാണ്. കാലാവസ്ഥയും ദുരന്തസാധ്യതകളും പരിഗണിച്ചുള്ള വാസ്തുശില്‍പ കാര്‍ക്കശ്യമുള്ളതാവണം കെട്ടിടങ്ങള്‍. എല്ലായിടത്തും ഏകീകൃതമായ കെട്ടിട നിയമ മാനദണ്ഡം പ്രായോഗികമല്ല. ദുരന്ത സാധ്യതാമേഖലയെ റിസര്‍വ് ചെയ്യുന്ന നിര്‍മാണ മാനദണ്ഡമുണ്ടാവണം.
ചെറുകിട നഗരങ്ങളില്‍ പോലും കെട്ടിടങ്ങളുടെ ആയുസ് നീട്ടി വാങ്ങി നിലനിര്‍ത്തുന്നവയാണ് ഏറെ. ആന്തൂര്‍ വിവാദത്തിന് ശേഷം കെട്ടിട നിര്‍മാണ അന്തിമാനുമതി നടപടിക്രമം രാഷ്ട്രീയമായ സൗകര്യത്തോടെ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ഗുണവും ദോഷവുമുണ്ട്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം പോലെ തന്നെയാണ് ഉദ്യോഗസ്ഥരെയും സാങ്കേതിക വൈദഗ്ധ്യത്തെയും നോക്ക് കുത്തിയാക്കുന്ന രാഷ്ട്രീയ അതിപ്രസരവും. ഇത് രണ്ടും മത്സരിച്ചതിന്റെ ഫലമായിരുന്നുവല്ലോ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ.
ആദ്യം സര്‍ക്കാരിന്റെ കാലപ്പഴക്കമുള്ള ആസ്തികള്‍ ഡാമുകള്‍ ഉള്‍പ്പെടെ നവീകരിക്കണം. അതിന് വലിയ സാമ്പത്തിക സ്രോതസ് കണ്ടെത്തണം. ഡാമുകളുടെ നവീകരണം വലിയ ബാധ്യതയാണ്. ഡാമുകളുടെ നിശ്ചിത ചുറ്റളവിലെ ജനവാസ നിയന്ത്രിത രേഖ ഉള്‍പ്പെടെ പുനഃപരിശോധിക്കാനുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണ പദ്ധതികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വിഹിതം ചേര്‍ക്കുന്നതിന്റെ അതേ പ്രാധാന്യത്തില്‍ നഗരവല്‍ക്കരണ പദ്ധതികളും ഉള്‍പ്പെടുത്തണം. കാലവര്‍ഷം വരികയും പോവുകയും ചെയ്യും. പക്ഷെ, ഏത് പഠന റിപ്പോര്‍ട്ടായാലും ആസൂത്രണമായാലും കാലവര്‍ഷം പോലെ വര്‍ഷാവര്‍ഷമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടര്‍ച്ച വേണ്ട ബൃഹത് പ്രക്രിയയാവണം ദുരന്ത പ്രതിരോധ മാര്‍ഗം. പക്ഷെ, നാടിന്റെ വികസന തുടര്‍ച്ചയെന്തെന്ന് തിരിച്ചറിയാനാവാത്ത രാഷ്ട്രീയ ശീതസമരങ്ങള്‍ തുടരുന്ന കാലം വരെയും നാം ഓരോ ദുരന്തങ്ങളിലും അപ്പോള്‍ തോന്നിയ പതിനെട്ടടവ് പയറ്റുന്നവര്‍ തന്നെയായിരിക്കും. ഓരോ ദുരന്തങ്ങളിലും മത്സ്യത്തൊഴിലാളികളെ പോലെയുള്ള 'രക്ഷകരെ' അവതരിപ്പിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയേ വഴിയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago