മൃഗശാലയിലെ ക്വാര്‍ട്ടേഴ്സ് നിയമവിരുദ്ധമായി വാടകയ്ക്കു നല്കി
തിരുവനന്തപുരം: മ്യൂസിയം മൃഗശാലാ വകുപ്പിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് വാടകയ്ക്ക് കൊടുത്തു. മൃഗശാലാ ഡോക്ടര്‍ക്ക് അനുവദിച്ച ക്വാര്‍ട്ടേഴ്സാണ് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനും കുടുംബത്തിനും വാടകയ്ക്കു നല്‍കിയത്.
വകുപ്പുമന്ത്രി കെ. രാജുവിന്റെ അടുപ്പക്കാരനായ ഇയാള്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുടെ പാര്‍ട്ടിക്കാരനുമാണ്.
തലസ്ഥാനത്ത് വീടുള്ളയാളാണ് ഡോക്ടര്‍. ഇദ്ദേഹം അനധികൃതമായാണ് ക്വാര്‍ട്ടേഴ്സ് വാങ്ങിയിരിക്കുന്നത്. മ്യൂസിയം മൃഗശാലയില്‍ വകുപ്പുഡയറക്ടര്, മൃഗശാലാ സൂപ്രണ്ട്, ഡോക്ടര്‍ എന്നിവര്‍ക്കു മാത്രമേ ക്വാര്‍ട്ടേഴ്സുകള്‍ അനുവദിച്ചിട്ടുള്ളൂ.
ഡയറക്ടറുടെ ബംഗ്ലാവ് കാലപ്പഴക്കം ചെന്നതാണ്. രണ്ടുവര്‍ഷം മുന്‍പുവരെ ഇവിടെ താമസം ഇല്ലായിരുന്നു. പിന്നീടാണ് പുതുക്കിപ്പണിതത്. ഡയറക്ടര്‍ താമസിക്കുന്നുണ്ട്. എന്നാല്‍, സൂപ്രണ്ടിനും, ഡോക്ടര്‍ക്കുമുള്ള ക്വാര്‍ട്ടേഴ്സുകളില്‍ സ്ഥിരതാമസമുണ്ടാകും. ഏതു സമയത്തും മൃഗങ്ങള്‍ക്ക് ചികിത്സ നല്കാന് ഡോക്ടറും, മൃഗശാലാ ജീവനക്കാര്‍ക്ക് ഡ്യൂട്ടി വീതിച്ചു നല്കാന് സൂപ്രണ്ടും ഉണ്ടാകണം. ഇതുകൂടി പരിഗണിച്ചാണ് ഇവര്‍ക്ക് ക്വാര്‍ട്ടേഴ്സ് നല്‍കിയിരിക്കുന്നത്.
സൂപ്രണ്ട് കുടുംബത്തോടൊപ്പം ഈ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. എന്നാല്‍, ഡോക്ടര്‍ താമസിക്കുന്നത് സ്വന്തം വീട്ടിലും. സര്‍ക്കാര്‍ അനുവദിച്ച ക്വാര്‍ട്ടേഴ്സ് വകുപ്പുമന്ത്രിയുടെ അടുപ്പക്കാരന് വാടകയ്ക്കു കൊടുത്തു. രണ്ടുമാസമായി നിയമവിരുദ്ധ താമസം തുടങ്ങിയിട്ട്.
ക്വാര്‍ട്ടേഴ്സ് നിയമവിരുദ്ധമായി വാടകയ്ക്കു കൊടുത്തകാര്യം സൂപ്രണ്ട് ഡയറക്ടറെയോ, ഡയറക്ടര്‍ സര്‍ക്കാരിനെയോ അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."