ശബരിമല വിഷയത്തില്‍ നിലപാട് ചോദിച്ചു: ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിക്ക് ഉത്തരമില്ല, ഇറങ്ങിപ്പോയി
കുവൈത്ത്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് കയറാമെന്ന സുപ്രിംകോടതി വിധിയില്‍ ബി.ജെ.പിയുടെ നിലപാടിനെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരമില്ലാതെ വനിതാ നേതാവ് മീനാക്ഷി ലേഖി. കുവൈത്തില്‍ ബി.ജെ.പിയുടെ പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.
വാര്‍ത്താസമ്മേളനം അവസാനിക്കുന്നതിനു മുന്‍പേ ഇറങ്ങിപ്പോവുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് മീനാക്ഷി ലേഖി ഇറങ്ങിപ്പോയത്. വാര്‍ത്താസമ്മേളനം അവസാനിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന പ്രതികരണവുമായി ശ്രീധരന്‍ പിള്ള ആദ്യ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ വനിതാ നേതാവെന്ന നിലയിലുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ബി.ജെ.പി വക്താവ് എന്ന നിലയില്‍ ബി.ജെ.പിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന ചോദ്യമാണ് ലേഖിയെ ചൊടിപ്പിച്ചത്.
ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരായി നില്‍ക്കുന്നവര്‍ക്ക് അനുകൂലമാണെന്ന് ബി.ജെ.പി നിലപാട് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് മീനാക്ഷി ലേഖി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."