സുരക്ഷാ വലയത്തില്‍ മക്കയും പരിസരവും
മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ മക്കയും പരിസരവും കനത്ത സുരക്ഷയില്‍. പതിനായിരക്കണക്കിന് സുരക്ഷാ ജീവനക്കാരാണ് ഹറമിന്റെ പരിസരങ്ങളില്‍ സസൂക്ഷ്മം ജാഗ്രതയിലുള്ളത്. സൈനികര്‍ക്ക് പുറമെ സിവില്‍ സര്‍വിസ്, സിവില്‍ ഡിഫന്‍സ് എന്നീ വിഭാഗവും തീര്‍ഥാടകരുടെ സേവനത്തിനും സുരക്ഷയ്ക്കും രംഗത്തുണ്ട്. ഇതിനു പുറമെ ഹറമിലെ തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് എട്ടു വകുപ്പുകളുടെ സഹകരണത്തോടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുമുണ്ട്. ഹജ്ജിന് ഭംഗം വരുത്തുന്ന നടപടി മനഃപൂര്‍വം തീര്‍ഥാടകരുടെ ഭാഗത്തു നിന്നുണ്ടായാല്‍ അവരെ കായികമായി നേരിടാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്.
സുരക്ഷയുടെ ഭാഗമായി ഓരോ തീര്‍ഥാടകനെയും സൂക്ഷ്മമായി പരിശോധിച്ചാണ് മക്കയിലേക്ക് കടത്തി വിടുന്നത്. അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനും മറ്റുമായി മക്കയിലേക്ക് കടക്കുന്നത് തടയാന്‍ ഏഴു സ്ഥലങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ത്വാഇഫ്-മക്ക റോഡിലെ ബുഹൈത്വ, സൈല്‍ റോഡിലെ ഖര്‍നുല്‍ മനാസില്‍, അല്‍ഹദായിലെ വാദി, മുഹര്‍റം, ജിദ്ദ - മക്ക എക്‌സ്പ്രസ് റോഡ്, മക്ക - മദീന റോഡ്, പഴയ ജിദ്ദ - മക്ക റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന ചെക്ക് പോയിന്റുകള്‍ ഒരുക്കിയിരിക്കുന്നത്.
തിരക്ക് കുറയ്ക്കാന്‍ പ്രധാന ചെക്ക് പോയിന്റുകളിലെത്തുന്നതിന് മുന്‍പ് താല്‍ക്കാലിക പരിശോധനാ കേന്ദ്രങ്ങളുമുണ്ടാവുമെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. ഹജ്ജ് അനുമതി പത്രമുള്ളവരാണെന്നും വാഹനം നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തിയാല്‍ താല്‍ക്കാലിക ചെക്ക് പോയിന്റുകളില്‍ വച്ച് വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം. പ്രധാന ചെക്ക് പോസ്റ്റുകളിലെ പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനാണിത്. സര്‍വിസ് റോഡുകളിലൂടെയും മലമ്പാതകളിലൂടെയും നുഴഞ്ഞുകയറുന്നത് നിരീക്ഷിക്കാനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ ചെക്ക് പോയിന്റുകള്‍ക്കടുത്തും പിടിയിലാവുന്നവരെ താമസിപ്പിക്കാനും വിരലടയാളമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക കേന്ദ്രങ്ങളുണ്ട്.
തീര്‍ഥാടകരെ അനധികൃതമായി ഹജ്ജിന് വാഹനത്തില്‍ കൊണ്ടുപോവുന്നവര്‍ക്ക് 15 ദിവസം ജയില്‍ ശിക്ഷയും തീര്‍ഥാടകര്‍ക്ക് 15,000 റിയാല്‍ വീതം പിഴയുമുണ്ടാവും. ഇതിനു പുറമെ വാഹനം കണ്ടുകെട്ടും. വിദേശിയാണെങ്കില്‍ നാട് കടത്തും. അതേസമയം, സംഘര്‍ഷ ബാധിത രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ പ്രത്യേക സുരക്ഷാ വിഭാഗമാണ് നിലവില്‍ പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."