അണ്ടൂര്‍ക്കോണത്തെ കാര്‍ഷിക സമൃദ്ധി കുഞ്ഞുകൈകളില്‍ സുരക്ഷിതം
തിരുവനന്തപുരം: സോനയ്ക്ക് സ്‌കൂള്‍ വിട്ടാല്‍ വീട്ടിലേക്കെത്താന്‍ തിരക്കാണ്. പക്ഷേ കളിക്കാനല്ല. അവള്‍ നട്ടുപിടിപ്പിച്ച പച്ചക്കറികള്‍ക്ക് വെള്ളവും വളവും നല്‍കാനാണ് ഈ തിരക്ക്. അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ താമസിക്കുന്ന സോനയുടെ കൃഷിയോടുള്ള താല്‍പര്യത്തിന് കരുത്ത് പകരാന്‍ പഞ്ചായത്തിലെ കുടുംബശ്രീയും കൂട്ടിനുണ്ട്. കൃഷിയുടെ തണല്‍ കുട്ടികളില്‍ എത്തിക്കുക, അവരെ കൃഷിയോടടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അണ്ടൂര്‍ക്കോണം പഞ്ചായത്തിലാരംഭിച്ച ഹരിത ബാല്യം പദ്ധതിയില്‍ ഇതിനോടകം നിരവധി കുട്ടികള്‍ അംഗങ്ങളായിക്കഴിഞ്ഞു.
കുടുംബശ്രീയുടെ സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. പഞ്ചായത്തിലെ 43 ബാലസഭകളില്‍നിന്ന് കൃഷിയില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. ഇതോടൊപ്പം കാര്‍ഷിക പരിപാലന രീതികളെക്കുറിച്ചും ക്ലാസുകള്‍ നല്‍കിവരുന്നു. സോനയെക്കൂടാതെ ഉണ്ണി, ബിച്ചു, അനന്തു, വിഷ്ണു, സജീന എന്നിവരും തങ്ങളുടെ വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി നടത്തുന്നുണ്ട്.
വീട്ടുവളപ്പിലെ പരിമിതമായ സ്ഥലത്തും ടെറസിലുമൊക്കെയാണ് ഈ കുട്ടികള്‍ കൃഷി ചെയ്യുന്നത്. തക്കാളി, പച്ചമുളക്, പാവല്‍, വെണ്ട, ചീര തുടങ്ങിയവയാണ് പ്രധാനമായും നട്ടുവളര്‍ത്തുന്നത്. മുല്ല, തെറ്റി തുടങ്ങിയ പൂച്ചെടികളും കൂട്ടത്തില്‍ വളര്‍ത്തുന്നവരുണ്ട്. ഗ്രോ ബാഗുകളിലും ചെറിയ ചട്ടികളിലുമൊക്കെയായിട്ടാണ് ഇവരുടെയെല്ലാം കൃഷി.
കൃഷിഭവനില്‍നിന്നാണ് ആവശ്യമായ വിത്തുകള്‍ ലഭിച്ചത്. കൃഷി ചെയ്യുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനും മറ്റു കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായും ഏറ്റവും മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന കുട്ടിയെ വിജയിയായി തെരഞ്ഞെടുക്കും. ഇതിനായി ഒരോ കുട്ടിയുടെയും കൃഷി വിലയിരുത്താന്‍ ഒരു വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരാകും വിജയിയെ നിശ്ചയിക്കുക.
നിലവില്‍ ആറു കുട്ടികളാണ് വീട്ടുവളപ്പില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നതെങ്കിലും കൃഷിയില്‍ താല്‍പര്യമുള്ള കൂടുതല്‍ കുട്ടികള്‍ ഈ സംരംഭത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചെത്തുന്നതായി അണ്ടൂര്‍കോണം കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ ബീന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."